സ്‌കൂള്‍ കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണ് ആറു കുട്ടികള്‍ക്കു പരുക്ക്

വളാഞ്ചേരിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ സീലിങ്ങിലെ സിമന്റ്‌തേപ്പ് ക്ലാസ്മുറിയിലേക്ക് അടര്‍ന്നുവീണ് ആറു കുട്ടികള്‍ക്കു പരുക്കേറ്റു. പുറമണ്ണൂര്‍ മജ്‌ലിസ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടിനായിരുന്നു സംഭവം. പ്രവൃത്തിപരിചയ ക്ലാസ് നടക്കുന്നതിനിടെ മേല്‍ഭാഗത്തു സീലിങ്ങില്‍ പൂശിയ സിമന്റ്‌തേപ്പ് അടര്‍ന്നുവീഴുകയായിരുന്നു. ബെഞ്ചില്‍ ഇരുന്നിരുന്ന കുട്ടികളുടെ ശരീരത്തില്‍, അടര്‍ന്ന സിമന്റ്പാളികള്‍ വീണു മുറിവേറ്റു. നാലടി വ്യാസത്തിലുള്ള സിമന്റ്‌തേപ്പാണു പതിച്ചത്.
പരുക്കേറ്റ കുട്ടികളെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ ചികിത്സ തേടിയവര്‍: ടി.പി.സുബാന സിനു (ഒന്‍പത്), കെ.മുഹമ്മദ് അജ്മല്‍ (ഒന്‍പത്), നിഹാല ജാസ്മിന്‍ (ഒന്‍പത്), പിടി.ആദില്‍ (ഒന്‍പത്), ടി.മുഹമ്മദ്ജാസില്‍ (ഒന്‍പത്), സന്‍ഹ (ഒന്‍പത്). സംഭവം അറിഞ്ഞു വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha


























