സഹകരണബാങ്കിലെ കള്ളപ്പണ നിക്ഷേപം വെറും കടലാസുകളാകും; 30,000 കോടിയുടെ കണക്കില്‍പ്പെടാത്ത നിക്ഷേപം; രാഷ്ട്രീയക്കാരടക്കം കള്ളപ്പണ നിക്ഷേപകര്‍ക്ക് തലകറങ്ങുന്നു

ഡല്‍ഹിയില്‍ ഇരുന്നുള്ള മോഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബുള്ളറ്റ് തറച്ചത് ഇങ്ങ് കേരളത്തിലെ സഹകരണബാങ്കുകളില്‍ കള്ളപ്പം ഇട്ട് ആശ്വസിച്ചിരുന്നവരുടെ നെഞ്ചത്ത്. പലരും മുന്തിയ രാഷ്ട്രീയ നേതാക്കളായതിനാല്‍ പലരുടേയും ശ്വാസം ഇപ്പോഴും നേരെ വീണിട്ടില്ല എന്നാണ് സംസാരം. അതിനു പിന്നാലെ അവിടുത്തെ നിക്ഷേപകരെപ്പറ്റി ആദായനികുതിവകുപ്പ് വ്യാപക റെയ്ഡും തുടങ്ങി. ഇതോടെ പലരും ഐസിയുവിലാണ്. സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ 30,000 കോടി രൂപയുടെ കണക്കില്‍പെടാത്ത നിക്ഷേപമുണ്ടെന്നു സൂചന. ആകെ ഉണ്ടായിരുന്ന നിക്ഷേപത്തിന്റെ പകുതിയോളം വരും ഇത്തരം പണമെന്നാണ് വിവരം. 1605 ലേറെ വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലായി 60,000 കോടി രൂപയുടെ നിക്ഷേപമാണ് നിലവിലുള്ളത്. 500 ന്റേയും 1000 ത്തിന്റേയും കറന്‍സി അസാധുവാക്കിയ സാഹചര്യത്തില്‍ ആദായനികുതി വകുപ്പിന്റെ കരങ്ങള്‍ സഹകരണബാങ്കുകളിലേക്കു കൂടി നീളാന്‍ തുടങ്ങിയതോടെ കണക്കില്‍പെടാത്ത പണം സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ നെട്ടോട്ടമോടുകയാണ്. ഇവരുടെ നോട്ടമെത്താത്ത സ്ഥലമായതിനാല്‍ നാട്ടിലെ സമ്പന്നന്മാര്‍ പ്രാഥമികസഹകരണസംഘങ്ങളിലും സഹകരണബാങ്കുകളിലുമാണ് പണം നിക്ഷേപിച്ചിരുന്നത്.
രാഷ്ട്രീയ പാര്‍ട്ടിക്കാര്‍, മണല്‍ ഭൂമാഫിയകള്‍, മറ്റ് അനധികൃത സമ്പാദ്യക്കാര്‍ തുടങ്ങി നിരവധി പേരാണ് തനിച്ചും കുടുംബാംഗങ്ങളുടെ പേരിലുമായി കോടികള്‍ നിക്ഷേപിച്ചിട്ടുള്ളത്. മൊത്തത്തില്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപം കുതിച്ചുയരുമ്പോഴും സമീപകാലത്ത് വായ്പക്കു വേണ്ടി എത്തുന്നവര്‍ ഏറെ കുറയുകയുമാണ്. നിക്ഷേപിക്കാനെത്തുന്നവരെയാണ് അടുത്തകാലത്തായി പ്രാഥമിക സഹകരണ ബാങ്കുകള്‍ ആകര്‍ഷിക്കുന്നതെന്ന് വ്യക്തം.
മോഡിക്ക് എല്ലാത്തിനെക്കുറിച്ചും വ്യക്തമായ അറിവുള്ളതിനാല്‍ സഹകരണമേഖല കേന്ദ്രീകരിച്ച് വ്യാപക റെയ്ഡ് നടത്താനാണ് നിര്‍ദ്ദേശം. ഇതോടെ പണം പോയെന്നുമാത്രമല്ല അകത്താകും എന്ന പേടിയില്‍ക്കൂടിയാണ് പലരും. ഇതിന്റെഅടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് പരിശോധന തുടങ്ങി. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഉറവിടം വ്യക്തമാക്കേണ്ടി വരുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അടക്കമാണ് പരിശോധന.
നിക്ഷേപകരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. കോഴിക്കോട് സര്‍ക്കിളില്‍ മാത്രം ഏകദേശം 150 കോടിയുടെ കള്ളപ്പണമാണ് ഈ വര്‍ഷം ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.
സാധാരണഗതിയില്‍ 50,000 രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഹാജരാക്കണമെന്നില്ലാത്തതിനാല്‍ മിക്ക സഹകരണ ബാങ്കുകളും 49,999 രൂപയുടെ യൂണിറ്റുകളായാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. വന്‍തുകകള്‍ ഇങ്ങനെ ചെറുതുകയായി നിക്ഷേപിക്കുന്നതിലൂടെ പണത്തിന്റെ ഉറവിടം വ്യക്തമാക്കാതിരിക്കാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ വഴിവിട്ട സ്രോതസ്സിലൂടെ ലഭിച്ച പണം വെളുപ്പിക്കാന്‍ പലരും സഹകരണ ബാങ്കുകളെ ആശ്രയിക്കുകയും ചെയ്തിരുന്നതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
പരിശോധനയില്‍ കണക്കിലേറെ വരുന്ന തുക പിടിച്ചെടുത്താല്‍ നിക്ഷേപകന്‍ പണത്തിന്റെ ഉറവിടം വ്യക്തമാക്കി നികുതിയടക്കാത്ത പക്ഷം തുക കണ്ടുകെട്ടുകയും നിയമ നടപടികളെടുക്കുകയും ചെയ്യുമെന്ന് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ശ്രീ പി എന്‍ ദേവദാസന്‍ പറഞ്ഞു. വരുമാനത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കുകയും ആദായനികുതി അടയ്ക്കാതിരിക്കുകയും ചെയ്ത 11,000 പേര്‍ക്കാണ് ഈ വര്‍ഷം മലബാറില്‍ നോട്ടീസ് നല്‍കിയത്. ഇത്തരക്കാരില്‍ നിന്നായി 29.62 കോടിയാണ് തങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കാത്ത 4000 പേര്‍ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ദേവദാസന്‍ വ്യക്തമാക്കി. മാത്രമല്ല, 3000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പുരയിടത്തില്‍ വീട് പണിയുന്നവര്‍ക്ക് തങ്ങളുടെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണമെന്നുകാട്ടി നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇത്തരം വീടുകളില്‍ പലതും കള്ളപ്പണം കൊണ്ട് നിര്‍മിക്കുന്നവയാണ്. വരുമാന സ്രോതസ്സ് വെളിപ്പെടുത്താത്തതും ആദായനികുതി അടയ്ക്കാത്തതുമായ ഇത്തരം പുരയിടങ്ങള്‍ ജപ്തി ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആദായനികുതി വകുപ്പ് സ്വീകരിക്കുമെന്നും കമ്മീഷണര്‍ പിഎന്‍ ദേവദാസന്‍ വ്യക്തമാക്കി. അതേസമയം, വലിയ തോതിലുള്ള നികുതിവെട്ടിപ്പുകളെ പറ്റി വിവരമറിയിക്കുന്നവര്‍ക്ക് വകുപ്പ് പാരിതോഷികം നല്‍കുമെന്നും അവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. നികുതി വെട്ടിപ്പുകളെ പറ്റി രേഖാമൂലം വിവരം നല്‍കുന്നയാള്‍ക്ക് ആ നികുതിയുടെ അഞ്ചു ശതമാനമാണ് പാരിതോഷികം നല്‍കുക.
സ്ഥിരനിക്ഷേപത്തിന് 10.5% വരെ പലിശ നല്‍കിയിരുന്ന സഹകരണ ബാങ്കുകളില്‍ ഇപ്പോള്‍ 8.5 % ശതമാനമാണ് പലിശ. എന്നാല്‍ പൊതുമേഖലാ ബാങ്കുകളില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്കു നല്‍കുന്നത് 7.5%മാത്രമാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ പണത്തിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്. മാത്രമല്ല പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും നിര്‍ബന്ധമാണ്. വര്‍ഷം 10,000 രൂപ പലിശ വാങ്ങുന്നുണ്ടെങ്കില്‍ അതിന് വേറെ നികുതിയും കെട്ടണം. എന്നാല്‍ ഇത്തരം നൂലാമാലകള്‍ ഒന്നുമില്ലാതെ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കാം. അതിനാല്‍ പലിശ വര്‍ദ്ധന മാത്രമല്ല കാര്യം എളുപ്പമായി നടക്കുമെന്നതാണ് സഹകരണ ബാങ്കുകളിലേക്ക് സാധാരണക്കാരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഈ ആനുകൂല്യങ്ങളുടെ മറവില്‍ അനധികൃത സമ്പാദ്യക്കാരും അവരുടെ കുടുംബാംഗങ്ങളും മുഖ്യ ഇടപാടുകാരായി മാറിയിരിക്കയാണ്.
കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജനകീയബന്ധമുള്ള സഹകരണ ബാങ്കുകള്‍ കണക്കില്‍ പെടാത്ത പണത്തിന്റെ നിക്ഷേപ കേന്ദ്രമായി മാറിയിട്ട് ഏതാണ്ട് രണ്ടുദശവര്‍ഷം കഴിഞ്ഞു. സഹകരണ പ്രസ്ഥാനത്തിന്റെ മേന്മ കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഭരണസമിതിയും സര്‍ക്കാരും ഇത്തരം പ്രവണതയെ തള്ളിപ്പറഞ്ഞിരുന്നില്ല. സിപിഐ.(എം.) ഉം കോണ്‍ഗ്രസ്സും തൊട്ടു പിറകില്‍ മുസ്ലിം ലീഗുമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കള്‍. സിപിഐ.(എം.) നും കോണ്‍ഗ്രസ്സിനുമാണ് ഇതില്‍ മുഖ്യ പങ്കാളിത്തവുമുള്ളത്. ഒരു പ്രവാസിയോ സമ്പന്നനോ നാട്ടിലെത്തിയാല്‍ ആ പരിധിയിലെ സഹകരണ ബാങ്കിന്റെ ഭരണകര്‍ത്താക്കള്‍ നേരിട്ടുചെന്ന് നിക്ഷേപം സ്വീകരിക്കുന്ന പതിവുണ്ട്. അയാള്‍ക്ക് ബാങ്കില്‍ ചെല്ലേണ്ട ആവശ്യമേയില്ല. സീലും അനുബന്ധ ഫോറങ്ങളും വീട്ടിലെത്തിച്ച് നിക്ഷേപം സ്വീകരിക്കാറുമുണ്ട്. അവരുടെ സാമ്പത്തിക സ്‌ത്രോതസ്സ് എന്താണെന്നോ പാന്‍ കാര്‍ഡ് പോലുള്ള രേഖകളോ ചോദിക്കാറേയില്ല. ഇങ്ങനെ സംഭരിക്കുന്ന പണവും സഹകരണ മേഖലയിലെ ധനകൂമ്പാരത്തിന് കാരണമാണ്.
50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള നിക്ഷേപക്കാര്‍ സഹകരണ ബാങ്കിലുണ്ട്. നേരത്തെ 50 ലക്ഷം രുപക്കു മുകളില്‍ ഉള്ളവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് നല്‍കാറുണ്ടായിരുന്നു. പിന്നീടത് 25 ലക്ഷം രൂപക്ക് മുകളിലുള്ളവരുടേതായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറായിരുന്നില്ല. നിലവില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 50,000 രൂപ വീതം വരുന്ന രണ്ട് നിക്ഷേപരേഖകള്‍ നല്‍കിയാണ് സഹകരണ ബാങ്കുകാര്‍ തടിതപ്പുന്നത്. പുതിയ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളിലെ കള്ളപ്പണത്തിന്റെ ഉറവിടം തേടാന്‍ ആദായനികുതി വകുപ്പ് കരുനീക്കങ്ങള്‍ ആരംഭിച്ചിരിക്കയാണ്.
ബിജെപി. നേതാവ് കെ.സുരേന്ദ്രന്‍ സഹകരണ ബാങ്കുകളില്‍ ഹവാലാ പണവും കുത്തകക്കാരുടെ പണവും കുമിഞ്ഞുകൂടിയതായുള്ള ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. മറ്റു ബാങ്കുകള്‍ക്കൊന്നുമില്ലാത്ത സൗജന്യം സഹകരണ ബാങ്കുകള്‍ക്ക് മാത്രം നല്‍കുന്നത് കള്ളപണക്കാരെ സഹായിക്കാനാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐ.(എം. )ഉം കോണ്‍ഗ്രസ്സിനും മേല്‍ക്കൊയ്മയുള്ള സഹകരണ മേഖലയിലെ മേധാവിത്വത്തെ തകര്‍ക്കാനാണ് ബിജെപി. ലക്ഷ്യമിടുന്നത്. എന്നാല്‍ അനധികൃത നിക്ഷേപങ്ങളില്‍ കാര്യക്ഷമമായ അന്വേഷണം വരികയാണെങ്കില്‍ കുടുങ്ങുന്നവരില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മുതല്‍ മാഫിയക്കാര്‍ വരെയുണ്ടാകുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha


























