റദ്ദാക്കിയ നോട്ടുകളുടെ ഉപയോഗം മൂന്നു ദിവസംകൂടി, ഒരു ഐഡി ഉപയോഗിച്ച് നോട്ടുമാറ്റല്‍ ഒരിക്കല്‍ മാത്രം, ബാങ്കുകള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും

റദ്ദാക്കപ്പെട്ട നോട്ടുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെ ഉപയോഗിക്കാം. ഇന്നലെ രാത്രി വരെ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്ന ഇടപാടുകള്‍ക്കാണു മൂന്നു ദിവസംകൂടി അനുമതി നല്‍കിയത്.
റദ്ദാക്കപ്പെട്ട നോട്ടുകള്‍ക്കു പകരം ബാങ്കുകളിലും എടിഎമ്മുകളിലുംനിന്നു പുതിയ നോട്ടുകളോ റദ്ദാക്കപ്പെടാത്ത പഴയ നോട്ടുകളോ നല്‍കാന്‍ കഴിയാത്തതാണു സമയം നീട്ടി നല്‍കാന്‍ കാരണം. ജനങ്ങള്‍ ഇന്നലെയും വലഞ്ഞു. എടിഎമ്മുകള്‍ തുറന്നെങ്കിലും പണം പെട്ടെന്നു തീര്‍ന്നു. ചില ബാങ്കുകളുടെ എടിഎമ്മുകള്‍ തുറന്നതേയില്ല.
എടിഎമ്മുകളില്‍ ഉണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റി 50 രൂപ, 100 രൂപ നോട്ടുകള്‍ നിറയ്ക്കുമെന്നാണു പറഞ്ഞിരുന്നത്. പക്ഷേ, ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള തുക നിറയ്ക്കാനായില്ല. നേരത്തേ രണ്ടുദിവസത്തേക്കുള്ള തുക ഒരു എടിഎമ്മില്‍ നിറയ്ക്കാമായിരുന്നു. ചെറിയ നോട്ടുകളായതോടെ ദിവസം മൂന്നുതവണയെങ്കിലും നിറച്ചാലേ പറ്റൂ എന്നായി. ഇതിനു മാത്രം വാഹനങ്ങളും ജീവനക്കാരുമടക്കമുള്ള സംവിധാനം ബാങ്കുകള്‍ക്കോ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ക്കോ ഇല്ല.
റദ്ദാക്കിയതിനു പകരം കറന്‍സി എത്തിക്കുന്നതിനു കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് ഉണ്ടാക്കിയ ക്രമീകരണം പാളി. സാങ്കേതികമായ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടതുമില്ല.
മാര്‍ച്ച് 31-നു രാജ്യത്തു പ്രചാരത്തിലുള്ളത് 9027 കോടി കറന്‍സി നോട്ടുകളാണെന്നു റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2200 കോടിയില്‍ പരം നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ അതിനുതക്ക മൂല്യത്തിനുള്ള നോട്ടുകള്‍ അച്ചടിച്ച് എത്തിച്ചില്ല. ഇപ്പോഴും മിക്ക സ്ഥലങ്ങളിലും രണ്ടായിരം രൂപയുടെ കറന്‍സിയേ ലഭിച്ചിട്ടുള്ളൂ. 500 രൂപയുടേത് പലേടത്തും എത്തിയിട്ടില്ല. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ 500 രൂപ എത്തിച്ചിട്ടുണ്ടെന്നു ഗവണ്‍മെന്റ് പറഞ്ഞെങ്കിലും അവിടെയും ബാങ്കുകളിലോ എടിഎമ്മുകളിലോ ഈ കറന്‍സി ലഭിക്കുന്നില്ല.
രണ്ടു മൂന്നു ദിവസത്തിനകം പുതിയ കറന്‍സി എല്ലായിടത്തും എത്തിക്കുമെന്നാണു കേന്ദ്ര ധനമന്ത്രാലയം പറയുന്നത്.
ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു തവണ മാത്രമേ 4000 രൂപയുടെ പഴയ കറന്‍സി മാറ്റി വാങ്ങാനാവൂ. കൂടുതല്‍ കറന്‍സി ഉണ്ടെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കണം. പിന്നീട് നിര്‍ദിഷ്ട പരിധി പാലിച്ച് പണം പിന്‍വലിക്കാം. റിസര്‍വ് ബാങ്ക് ഇന്നലെ പുറപ്പെടുവിച്ച വിശദീകരണമാണിത്. ഒരേ ഐഡി ഉപയോഗിച്ചു പല ദിവസം 4000 രൂപ വീതം പഴയ കറന്‍സി മാറ്റിവാങ്ങുന്ന സാഹചര്യം കണക്കിലെടുത്താണിത്.
ഉപയോഗിക്കാവുന്ന സ്ഥലങ്ങളും ഇടപാടുകളും
ഗവണ്‍മെന്റ് ആശുപത്രികള്‍, ഫാര്‍മസികള്‍, റെയില്‍വേ ടിക്കറ്റ് , സര്‍ക്കാര്‍ ബസുകള്‍, വിമാനടിക്കറ്റ്, മെട്രോ റെയില്‍, ഹൈവേകളിലെയും റോഡുകളിലെയും ടോള്‍, റെയില്‍വേയിലെ ഭക്ഷണം, വൈദ്യുതിബില്‍, വെള്ളക്കരം, പാചകവാതക സിലിന്‍ഡര്‍, ഗവണ്‍മെന്റ് മില്‍ക്ക് ബൂത്ത്, ശ്മശാനങ്ങള്‍, കോടതി ഫീസ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നികുതികള്‍, പിഴകള്‍, ഫീസ്, ചാര്‍ജ് എന്നിവ അടയ്ക്കല്‍. കോ-ഓപ്പറേറ്റീവ് സ്‌റ്റോറുകളിലെ ഇടപാടുകള്‍.
രാജ്യത്തെ ബാങ്കുകള്‍ രണ്ടാംശനിയാഴ്ചയായ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. കറന്‍സി കൈമാറ്റവും നിക്ഷേപവും പിന്‍വലിക്കലും നടത്താം.
https://www.facebook.com/Malayalivartha


























