മകളുടെ ജീവന്‍ തുടിക്കുന്ന ശരീരങ്ങള്‍ ഒരു നോക്കുകാണാനായി കീര്‍ത്തനയുടെ പിതാവ് കാത്തിരിക്കുന്നു

മകളും കൂടി പോയതോടെ ജീവിതത്തില്‍ തനിച്ചായ എലത്തൂര്‍ വയലില്‍കുനിയില്‍ അനില്‍കുമാറിന് അവസാനമായി ഒരാഗ്രഹം കൂടി ബാക്കിയുണ്ട്. തന്റെ മകളുടെ അവയവങ്ങള്‍ തുടിക്കുന്ന ശരീരങ്ങള്‍ ഒന്നു കാണണമെന്ന്. അനില്‍കുമാറിന്റെ മകള്‍ കീര്‍ത്തനയെ (17) ഞായറാഴ്ച രാവിലെ ചെട്ടികുളത്തുവെച്ച് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ മസ്തിഷ്‌കമരണം സംഭവിച്ചതോടെ കീര്‍ത്തനയുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി പിതാവ് അനില്‍കുമാര്‍ തയ്യാറായി. ഇപ്പോള്‍ അഞ്ചുപേരുടെ ശരീരത്തില്‍ ആ അവയവങ്ങള്‍ തുടിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ എറണാകുളം പി.വി.എസ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയിലൂടെ കരള്‍ അറുപത്തഞ്ചുകാരനായ കോട്ടയം സ്വദേശിയിലും വൃക്കകള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ച് നാല്‍പത്തിയാറുകാരനായ വയനാട് സ്വദേശിയിലും നാല്‍പതുകാരനായ കണ്ണൂര്‍ സ്വദേശിയിലും വെച്ചുപിടിപ്പിച്ചിരുന്നു. കണ്ണുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് നല്‍കിയത്. തന്റെ മകള്‍ ഒന്നിനുപകരം അഞ്ചു ശരീരത്തില്‍ ജീവിക്കുന്നതിലുള്ള സമാധാനത്തിലാണ് അനില്‍കുമാര്‍.
അനില്‍കുമാറിന്റെ ഇളയ മകള്‍ അസുഖത്തെ തുടര്‍ന്ന് കുറച്ച് വര്‍ഷംമുമ്പ് മരിച്ചിരുന്നു. ഒരുവര്‍ഷം മുമ്പ് ഭാര്യ ഇന്ദുവിനെയും വിധി തട്ടിയെടുത്തതോടെ അനില്‍കുമാറിനെ വിധി വേട്ടയാടുകയായിരുന്നു. പിന്നീട് അനില്‍കുമാറും മകള്‍ കീര്‍ത്തനയും മാത്രമായി വീട്ടില്‍. മാതാവിന്റെ മരണം തളര്‍ത്തിയ കീര്‍ത്തനയെ ഒരുവിധം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു.
മാതാവിന്റെ വേര്‍പാടില്‍നിന്ന് മോചനം ലഭിക്കുന്നതിന് കീര്‍ത്തനയുടെ തന്നെ ആവശ്യപ്രകാരം പൂക്കാട്ടെ പുഷ്പ ടീച്ചറുടെ കീഴില്‍ വയലിന്‍ പരിശീലനത്തിനു ചേര്‍ത്തതായിരുന്നു. അനിലും മകളും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു വരവെയാണ് ദുര്‍വിധി വീണ്ടും അനില്‍കുമാറിനെ വേട്ടയാടിയത്.
ഞായറാഴ്ചമാത്രമുള്ള വയലിന്‍ പരിശീലനത്തിനായിരുന്നു കീര്‍ത്തന ചേര്‍ന്നത്. മരിക്കുന്നതിന്റെ തലേന്ന് രാത്രി ഏറെ വൈകിയും കീര്‍ത്തന വയലിനില്‍ തന്റെ വിരല്‍ത്തുമ്പിനാല്‍ സംഗീതം പൊഴിച്ച് തന്നെ ആസ്വദിപ്പിച്ചതായി അനില്‍കുമാര്‍ പറയുന്നു.
ഞായറാഴ്ച രാവിലത്തെന്നെ അനിലിനോടൊപ്പം വീടും പരിസരവുമെല്ലാം വൃത്തിയാക്കി ഒമ്പതുമണിയോടെ വയലിനും ബാഗും തോളിലേന്തി പിതാവിനോട് യാത്രപറഞ്ഞിറങ്ങിയതായിരുന്നു കീര്‍ത്തന. കൊയിലാണ്ടി ഭാഗത്തേക്ക് പോകാന്‍ ചെട്ടികുളം ബസ്സ്‌റ്റോപ്പിനരികില്‍ ബസ് കാത്തുനില്‍ക്കവേ കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന കെ.എല്‍. 58 എന്‍ 3069 വിനിറേറ്റ് ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രാവിലെ 9.30ഓടെയാണ് അപകടം.
മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന വാര്‍ത്ത കേട്ട അനില്‍കുമാര്‍ മകളുടെ അവയവങ്ങള്‍ ദാനം നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് ഒപ്പിട്ടുനല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha