കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശമ്പളം ഒരാഴ്ച വൈകും

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞമാസം 15നു വിതരണം ചെയ്യേണ്ട പെന്‍ഷന്‍ ഇതുവരെ വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇന്നുമുതല്‍ വിതരണം ചെയ്യേണ്ട ശമ്പളവും ഒരാഴ്ചയോളം വൈകും. കറന്‍സി റദ്ദാക്കലുമായി ബന്ധപ്പെട്ടു ബാങ്കുകളില്‍ നിന്നു വായ്പ ലഭിക്കാന്‍ വൈകുന്നതാണു പെന്‍ഷന്‍, ശമ്പള വിതരണത്തിനു തടസ്സമെന്നു ഗതാഗതവകുപ്പ് അധികൃതര്‍ പറഞ്ഞു.
ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നാണു വായ്പ ലഭിച്ചുകൊണ്ടിരുന്നത്. കറന്‍സി റദ്ദാക്കലിനോടനുബന്ധിച്ച പുതിയ നിബന്ധനകള്‍ മൂലം അവര്‍ക്കു വായ്പ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. എസ്ബിടി ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നു വായ്പ ലഭിക്കുന്നില്ല. സ്വകാര്യ ബാങ്കുകളില്‍ നിന്നു വായ്പ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 55 കോടി രൂപ വേണം. കെഎസ്ആര്‍ടിസി 27.5 കോടി രൂപ സര്‍ക്കാരില്‍ അടച്ചാല്‍ ബാക്കി തുക സര്‍ക്കാര്‍ നല്‍കും. അതേസമയം, കെഎസ്ആര്‍ടിസിയുടെ കൈവശം ഇന്നലെവരെ 20 കോടിയോളം രൂപ മാത്രമാണു നീക്കിയിരിപ്പുള്ളത്.
ഏഴുകോടി രൂപ കൂടി രണ്ടുദിവസത്തിനകം സമാഹരിച്ചു പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. കറന്‍സി റദ്ദാക്കലിനെത്തുടര്‍ന്നു വരുമാനത്തില്‍ ശരാശരി 75 ലക്ഷത്തോളം രൂപയുടെ കുറവുണ്ടായി. അതിനിടെ, കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ കൂടിയായതോടെ നാലുകോടി രൂപയുടെ വരുമാനവും നഷ്ടമായി. ഇന്ധനം വാങ്ങിയ വകയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു നല്‍കാനുള്ള തുക ഉപയോഗിച്ചു ശമ്പളവിതരണം അടുത്തയാഴ്ചയോടെ തുടങ്ങാന്‍ കഴിയുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha