തലസ്ഥാനത്തു നിന്ന് എച്ച്എസ്ബിസി ബാങ്ക് ശാഖ വിടവാങ്ങുന്നു

കാല്‍നൂറ്റാണ്ടിലേറെയായി തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബാങ്കായ എച്ച്എസ്ബിസി ബാങ്കിന്റെ വെള്ളയമ്പലം ശാഖ ഇന്നുകൂടി മാത്രമേയുള്ളൂ. ലണ്ടന്‍ ആസ്ഥാനമായ എച്ച്എസ്ബിസിയുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ 15 ശാഖകള്‍ പൂട്ടുന്നതിനൊപ്പമാണു വെള്ളയമ്പലം ശാഖയും പൂട്ടുന്നത്.
കേരളത്തിലേത് ഉള്‍പ്പെടെ പല ശാഖകളിലും ഇടപാടുകാര്‍ ഡിജിറ്റല്‍ ബാങ്കിങ്ങിലേക്കു മാറുന്നതുകൊണ്ട് ശാഖയിലെ ബിസിനസ് കുറഞ്ഞതാണു പൂട്ടാന്‍ കാരണം. 10 ശതമാനത്തില്‍ താഴെ ബിസിനസ് ഉള്ള ശാഖകള്‍ പൂട്ടുക എന്ന ഉന്നതതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. തലസ്ഥാന നഗരത്തിലെ ശാഖ പൂട്ടുമ്പോള്‍ കേരളത്തിലെ രണ്ടാമത്തേതായ കൊച്ചിയിലെ ശാഖ നിലനിര്‍ത്തും. തിരുവനന്തപുരം ശാഖയിലെ ജീവനക്കാരില്‍ രണ്ടുപേരെ സ്ഥലം മാറ്റി.
ബാക്കി ജീവനക്കാര്‍ക്ക് 56 ലക്ഷം മുതല്‍ മുകളിലേക്ക് നഷ്ടപരിഹാരം നല്‍കി പിരിച്ചുവിട്ടു.1993 ല്‍ ശാഖ തുടങ്ങുമ്പോള്‍ ബാങ്കില്‍ അംഗത്വം ലഭിക്കുന്നതു വലിയ അംഗീകാരമായിരുന്നു. അംഗത്വത്തിന് ഉയര്‍ന്ന മിനിമം നിക്ഷേപം ഉള്‍പ്പെടെ കര്‍ശന നിബന്ധനകളുണ്ടായിരുന്നു. ശാഖ പൂട്ടുന്നതുള്‍പ്പെടെ എല്ലാ വിവരങ്ങളും അംഗങ്ങളെ അറിയിച്ചു കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്നു സേവനം അവസാനിപ്പിക്കുമ്പോള്‍ എല്ലാ അക്കൗണ്ടുകളും കൊച്ചി ബ്രാഞ്ചിലേക്കു മാറും. വെള്ളയമ്പലം ജങ്ഷനില്‍ തലസ്ഥാനത്തിന്റെ മുഖമുദ്രകളിലൊന്നായി മാറിയ ബാങ്ക് ആദ്യം ബ്രിട്ടിഷ് ബാങ്ക് ഓഫ് ദി മിഡില്‍ ഈസ്റ്റ് ആയിരുന്നു. പിന്നീട് എച്ച്എസ്ബിസി ആയപ്പോഴും നഗരത്തിലെ ഏക വിദേശ ബാങ്ക് ആയിരുന്നു. പഴയ കാലത്ത് എടിഎം പ്രവര്‍ത്തിക്കുന്ന ഏക ബാങ്കുമായിരുന്നു. വളരെ വ്യത്യസ്തമായ ബാങ്കിംഗ് അനുഭവമാണ് തലസ്ഥാനവാസികള്‍ക്ക് എച്ച്എസ്ബിസി നല്‍കിയത്.
നേരത്തേ 36 ജീവനക്കാരുണ്ടായിരുന്ന ബ്രാഞ്ചില്‍ ഇപ്പോള്‍ ഒന്‍പതു പേര്‍ മാത്രമാണുള്ളത്. മറ്റുള്ളവര്‍ നേരത്തെ തന്നെ നിര്‍ത്തിയിരുന്നു.10 വര്‍ഷത്തെ ശമ്പളമാണ് ജൂനിയര്‍മാര്‍ക്കു ലഭിച്ചത്. ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം 56 ലക്ഷം രൂപ. ഒരു കോടി കിട്ടിയവരുണ്ട്. ഇവരില്‍ മിക്കവരും ഇനി മറ്റൊരു ജോലിക്കു പോകുന്നില്ല. എച്ച്എസ്ബിസി പൂട്ടുമ്പോള്‍ അവരുടെ ബാങ്കിംഗ് കരിയറും അവസാനിക്കും.
https://www.facebook.com/Malayalivartha