ഒട്ടും ആശങ്കയില്ലാതെ പെരിയാര്‍ നീന്തികടന്ന് അഞ്ചുവയസ്സുകാരി

പുഴയുടെ ഇരു കരകളിലും സഹപാഠികളും അധ്യാപകരും ശ്വാസമടക്കി കാത്തുനില്‍ക്കേ, അഞ്ചു വയസ്സുകാരിയായ നിവേദിത പെരിയാറിലെ നിലയില്ലാക്കയങ്ങള്‍ നീന്തിക്കടന്നത് ഒട്ടും ആശങ്കയില്ലാതെ. മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് പബ്ലിക് സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിനിയും ഏലൂര്‍ മാടപ്പറമ്പില്‍ സുജീന്ദ്രന്റെയും ജിഷയുടെയും മകളുമായ നിവേദിത മൂന്നാഴ്ചത്തെ പരിശീലനത്തിനൊടുവിലാണ് പുഴയ്ക്കു കുറുകെ ഒറ്റയ്ക്കു നീന്തിയത്.
അദ്വൈതാശ്രമം മുതല്‍ ശിവരാത്രി മണപ്പുറം വരെ 200 മീറ്റര്‍ ദൂരം പിന്നിടാന്‍ ഈ കൊച്ചുമിടുക്കിക്ക് 25 മിനിറ്റേ വേണ്ടിവന്നുള്ളൂ. ആലുവയില്‍ ഫര്‍ണിച്ചര്‍ വ്യാപാരിയായ സജി വാളാശേരിലാണ് നിവേദിതയെ സൗജന്യമായി നീന്തല്‍ പരിശീലിപ്പിച്ചത്. രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത എം.എസ്. നവനീത് എന്ന പന്ത്രണ്ടുകാരന്‍ 2014-ല്‍ 12 മിനിറ്റ് കൊണ്ടു പെരിയാര്‍ നീന്തിക്കടന്നിരുന്നു. സജി തന്നെയാണ് നവനീതിന്റെയും നീന്തല്‍ ഗുരു.
https://www.facebook.com/Malayalivartha