സംസ്ഥാനം നോട്ടു ക്ഷാമത്തില്‍ നട്ടം തിരിയുന്നു.... ട്രഷറി പൂട്ടും; ഐസക്കിന്റെ പേരു പോകും

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന ട്രഷറി പൂട്ടുന്നു. ട്രഷറി പൂട്ടാത്ത ധനമന്ത്രി എന്ന പേരാണ് ഇതോടെ ഡോ. തോമസ് ഐസക് കളഞ്ഞു കുളിക്കുന്നത്. വിഎസ് അച്യുതാനന്ദന്റെ കാലം മുതലാണ് കേരളത്തില്‍ ട്രഷറി പൂട്ടാത്ത കാലം ആരംഭിക്കുന്നത്. തുടര്‍ന്ന് ധനമന്ത്രിയായ കെ എം മാണിയും, ശേഷം ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിയും ട്രഷറി പൂട്ടിയില്ല. വീണ്ടും ഐസക് ധനമന്ത്രിയായതോടെയാണ് പ്രതിസന്ധി മൂര്‍ച്ഛിക്കുന്നത്. ശമ്പളവും പെന്‍ഷനും മുടങ്ങാനും സാധ്യതയുണ്ട്.
ശമ്പളം നല്‍കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ശമ്പളം നേരിട്ട് ജീവനക്കാര്‍ക്ക് നല്‍കുന്നതിനുള്ള പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. കേരളത്തില്‍ അഞ്ചരലക്ഷത്തോളം ജീവനക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയാണ് ശമ്പളം നല്‍കുന്നത്. നാലര ലക്ഷത്തോളം പേര്‍ക്ക് ട്രഷറി വഴിയും ശേഷിക്കുന്ന 50,000 പേര്‍ക്ക് നേരിട്ടും ശമ്പളം നല്‍കുന്നു. ഒരാഴ്ച കൊണ്ടാണ് സംസ്ഥാന ജീവനക്കാര്‍ക്കെല്ലാം സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത്. ആകെ 3100 കോടിയാണ് ശമ്പളത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
ഭൂമി രജിസ്‌ട്രേഷന്‍, ഭാഗ്യക്കുറി, ചിട്ടി മുതലായ മാര്‍ഗ്ഗങ്ങളിലൂടെ ലഭിച്ചു കൊണ്ടിരുന്ന വരുമാനം മുടങ്ങിപോയി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ 1200 കോടി ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് സംസ്ഥാനം കത്തയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ട്രഷറിയില്‍ കെട്ടി കിടക്കുന്ന പഴയ നോട്ടുകള്‍ മാറ്റാന്‍ അവസരം നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഇത് പരിഗണിക്കാതിരുന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും.
ക്ഷേമ പെന്‍ഷന്‍ പ്രതിസന്ധി തീരുന്നതു വരെ നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അനൗപചാരികമായി തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയും സഹകരണ ബാങ്കുകളിലും ശമ്പളം മുടങ്ങും. നോട്ട് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ഒരു ലക്ഷത്തിലധികം ജീവനക്കാരാണ് സഹകരണ ബാങ്കുകളില്‍ ജോലിയെടുക്കുന്നത്.
സംസ്ഥാനത്ത് 4000 കോടിയുടെ വരുമാനമാണ് ഓരോ മാസവും ലഭിച്ചു കൊണ്ടിരിക്കുന്നത്. നോട്ട് പ്രതിസന്ധി ഉണ്ടായതോടെ ഇത് 2000 കോടിയായി കുറഞ്ഞു. സമസ്ത മേഖലകളും സ്തംഭനത്തിലാണ്. വന്‍ പ്രതിസന്ധിയാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാര മേഖലയില്‍ ഉണ്ടായിരിക്കുന്നത്. കടകള്‍ പേരിനു പോലും പ്രവര്‍ത്തിക്കുന്നില്ല.
നോട്ട് പിന്‍വലിക്കലിനെതിരെ അതിശക്തമായ നിലപാട് കേരളം സ്വീകരിച്ചിരിക്കെ, കേരളത്തിന്റെ ആവശ്യങ്ങള്‍ ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയില്ല. അതായത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് അഡീഷണല്‍ ഗ്രാന്റ് ലഭിക്കില്ലെന്ന് ചുരുക്കം. വിഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ കേരള സര്‍ക്കാര്‍ നില നിന്നു പോകുന്നത് ഇത്തരം അഡീഷണല്‍ ഗ്രാന്റുകളുടെ സഹായത്തോടെയാണ്. അഡീഷണല്‍ ഗ്രാന്റ് ലഭിക്കാതെ വരുമ്പോഴാണ് സംസ്ഥാനത്ത് ട്രഷറി പൂട്ടുന്നത്.
തന്റെ ഉപദേഷ്ടാവായ ഗീതാ ഗോപിനാഥനെ വിമര്‍ശിക്കുന്ന തോമസ് ഐസക്കിന്റെ ട്രഷറി പൂട്ടണ്ടേ എന്നാണ് മുഖ്യമന്ത്രിയും കരുതുന്നത്. ഐസക്കിന്റെ സത്‌പേര് കളഞ്ഞു കുളിക്കുകയാണ് പിണറായിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha