എയര്‍ ഇന്ത്യയുടെ പേരില്‍ തൊഴില്‍ തട്ടിപ്പ്: തിരുവനന്തപും സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരിയില്‍ എയര്‍ ഇന്ത്യയുടെ പേരില്‍ വന്‍ തൊഴില്‍ തട്ടിപ്പ്. ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഒരാള്‍ നെടുമ്പാശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലായി. തിരുവനന്തപുരം പൂവാര്‍ സ്വദേശി അരുണ്‍ കൃഷ്ണ (24) യാണ് പിടിയിലായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയില്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനീയറായി ജോലി ചെയ്ത് വരികയാണെന്ന വ്യാജേന ഇയാള്‍ കഴിഞ്ഞ ആറ് മാസമായി വിമാനത്താവളത്തിന് സമീപമുള്ള സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു. എയര്‍ ഇന്ത്യയുടെ യൂണിഫോമിലാണ് ഇയാള്‍ റിസോര്‍ട്ടില്‍ നിന്നും പുറത്തു പോയിരുന്നത്.
ഹോട്ടല്‍ മാനേജരും മറ്റ് ജീവനക്കാരും ഉള്‍പ്പെട 15 ഓളം പേരാണ് ഇയാളുടെ തട്ടിപ്പിനിരയായിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലും എയര്‍ ഇന്ത്യയിലും ജോലി വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്നും ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപവരെയാണ് ഇയാള്‍ കൈപ്പറ്റിയിട്ടുള്ളത്. 15 പേര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ അധികപേരും. റിസോര്‍ട്ട് ജീവനക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇവര്‍. പ്രതിദിനം മുറി വാടകയും ഭക്ഷണവും ഉള്‍പ്പെടെ ആയിരക്കണക്കിന് രൂപ ചെലവഴിച്ചാണ് ഇയാള്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്നത്.
മുന്‍പ് തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും പ്രതി സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. കരിപ്പൂരില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി സബ് ജയിലിലായിരുന്ന ഇയാള്‍ 2015 മെയിലാണ് പുറത്തിറങ്ങിയത്. പ്രതിയെ നെടുമ്പാശേരി പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിക്കപ്പെട്ട പ്രതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.
അടുത്തിടെ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റിലിംഗ് ജോലികള്‍ കരാര്‍ കമ്പനികളില്‍ നിന്നും എയര്‍ ഇന്ത്യ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഏതാനും പേരെ ജീവനക്കാരായി നിയമിച്ചിരുന്നു. ഈ നിയമനങ്ങളില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതികളെ തുടര്‍ന്ന് ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്.
https://www.facebook.com/Malayalivartha