സ്‌കൂള്‍ പാഠ്യപദ്ധതി വീണ്ടും പരിഷ്‌കരിക്കുന്നു, 2018 ജൂണ്‍ മുതല്‍ പുതിയ പാഠപുസ്തകങ്ങള്‍, പരിഷ്‌കരണം ഒറ്റഘട്ടത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം

സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതി 2018-19 മുതല്‍ പരിഷ്‌കരിക്കാന്‍ തീരുമാനം. ഒറ്റഘട്ടമായി പരിഷ്‌കരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.സി.ഇ.ആര്‍.ടി തുടക്കം കുറിച്ചു. വിദഗ്ധരുടെ ആദ്യഘട്ട ശില്‍പശാല കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇതു സംബന്ധിച്ച് മൂന്നു മാസത്തിനകം വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. ആദ്യഘട്ട പരിപാടികള്‍ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കും.
സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ പുനസംഘടനയും ഉടന്‍ നടക്കും. പാഠ്യപദ്ധതി പരിഷ്‌കരണത്തിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ദേശീയതലത്തില്‍തന്നെ വിദഗ്ധ സമിതിക്ക് രൂപം നല്‍കും. എന്‍.സി.ഇ.ആര്‍.ടി മുന്‍ ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയറക്ടര്‍ ഡോ. ഖാദര്‍, ഡോ. കെ.എന്‍. ഗണേഷ്, ഡോ. അമിത രാംപാല്‍ (ഡല്‍ഹി സര്‍വകലാശാല), ഡോ. സുധീര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന പട്ടിക സര്‍ക്കാറിന്റെ പരിഗണനക്ക് സമര്‍പ്പിക്കും.
സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടുപിടിച്ചുള്ള മാറ്റമാണ് പാഠ്യപദ്ധതിയില്‍ കൊണ്ടുവരുന്നതെന്ന് എസ്.സി.ഇ.ആര്‍.ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സ്‌കൂള്‍ ഹൈടെക് ആക്കുന്നതിനനുസൃതമായുള്ള മാറ്റം ആവശ്യമാണ്. നിലവിലെ പാഠപുസ്തകങ്ങള്‍ മിക്കതും അതിനു പര്യാപ്തമല്ല. ഏതെല്ലാം പാഠപുസ്തകങ്ങളില്‍ ഏതെല്ലാം തരത്തിലെ മാറ്റങ്ങളാണ് ആവശ്യമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. 2018 ജൂണില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളില്‍ എത്തിക്കുന്ന തരത്തിലെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
സബ്കമ്മിറ്റികളാവും വിഷയാടിസ്ഥാനത്തിലെ മാറ്റങ്ങള്‍ നിര്‍ദേശിക്കുക. മേഖല തലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചും അഭിപ്രായ ശേഖരണം നടത്തും. 2007ല്‍ നിലവില്‍ വന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ (എന്‍.സി.എഫ്) പിന്തുടര്‍ന്ന് നിലവില്‍ വന്ന കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (കെ.സി.എഫ്) വെളിച്ചത്തില്‍ ആയിരിക്കും പരിഷ്‌കരണം നടത്തുക. ഹൈടെക് സ്‌കൂളുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഇകണ്ടന്റ് കൂടി വികസിപ്പിക്കുന്ന രീതിയിലായിരിക്കും പരിഷ്‌കരണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 2013ല്‍ തുടങ്ങിയ പാഠ്യപദ്ധതി പരിഷ്‌കരണം പൂര്‍ത്തിയായത് 2016ല്‍ ആണ്.
https://www.facebook.com/Malayalivartha