ജല അതോറിറ്റി പൈപ്പിലൂടെ നീര്‍ക്കോലിക്കുഞ്ഞ്!

കായംകുളം ജല അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തില്‍ നീര്‍ക്കോലിക്കുഞ്ഞിനെ കണ്ടെത്തി. കായംകുളം കായല്‍വാരത്ത് ബോട്ടുജെട്ടിക്കു സമീപമുള്ള ഷെഫീക്കിന്റെ വീട്ടിലെ പൈപ്പിലൂടെയാണു വെള്ളത്തിനൊപ്പം നീര്‍ക്കോലിക്കുഞ്ഞ് എത്തിയത്. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.നഗരത്തില്‍ പല സ്ഥലത്തും വെള്ളിയാഴ്ച രാവിലെ മുതല്‍ ശുദ്ധജല വിതരണം തടസ്സപ്പെട്ടിരുന്നു. പിന്നീട് പൈപ്പിലൂടെ ആദ്യമെത്തിയതു കലങ്ങിയ വെള്ളമായതിനാല്‍ തെളിഞ്ഞ ശേഷമാണു വീട്ടുകാര്‍ ഉപയോഗത്തിനായി ശേഖരിച്ചത്. ബക്കറ്റില്‍ ശേഖരിച്ച വെള്ളത്തില്‍ എന്തോ അനങ്ങുന്നതായി തോന്നിയ വീട്ടമ്മ സൂക്ഷിച്ചു നോക്കിയപ്പോഴാണ് നീര്‍ക്കോലിക്കുഞ്ഞിനെ കണ്ടത്.
ഇതേ തുടര്‍ന്നു സമീപമുള്ള കിണറിലെ വെള്ളമാണ എടുത്ത് വീട്ടാവശ്യത്തിന് ഉപയോഗിച്ചത്. അയല്‍വാസികളോടു കാര്യം സൂചിപ്പിച്ചതിനെ തുടര്‍ന്ന് എല്ലാവരും പൈപ്പ് വെള്ളം ഉപേക്ഷിച്ചിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ എത്തി സ്ഥലം പരിശോധിച്ചു. കഴിഞ്ഞ ദിവസം പൊട്ടിക്കിടന്നിരുന്ന പൈപ്പുകളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. പൈപ്പ് പൊട്ടിയ ഭാഗത്തു കൂടി നീര്‍ക്കോലിക്കുഞ്ഞ് കയറിയതായിരിക്കാമെന്നാണു സംശയിക്കുന്നത്.
ശുദ്ധജല വിതരണം നിര്‍ത്തിവയ്ക്കുന്ന അവസരത്തില്‍ മാലിന്യങ്ങളും മറ്റും പൊട്ടിക്കിടക്കുന്ന ഭാഗങ്ങളില്‍കൂടി കയറി കുടിവെള്ള പൈപ്പിലൂടെ എത്തുന്നതു സ്ഥിരം സംഭവമായിരിക്കയാണ്. മൂന്നുമാസം മുന്‍പു കായംകുളം കോടതിക്കു സമീപമുള്ള പള്ളിയുടെ തെക്കതില്‍ അശോകന്റെ വീട്ടിലെ പൈപ്പിലൂടെ നാല് നീര്‍ക്കോലി കുഞ്ഞുങ്ങളാണു വെള്ളത്തിനൊപ്പം എത്തിയത്. ബോട്ടുജെട്ടി, തോട്ടുമുഖപ്പ് ഭാഗങ്ങളില്‍ പല തവണകളായി ചെമ്മീന്‍ കുഞ്ഞുങ്ങളും ചീഞ്ഞളിഞ്ഞ എലിയുടെ അവശിഷ്ടങ്ങളും എത്തിയിരുന്നു.
കുടിവെള്ളം മലിനമാകുന്നതായുള്ള ജനങ്ങളുടെ പരാതി ശക്തമാകുമ്പോള്‍ ജല അതോറിറ്റി ജീവനക്കാര്‍ എത്തി സൂപ്പര്‍ക്ലോറിനേഷന്‍ നടത്തി മടങ്ങുകയാണു പതിവ്. 50 വര്‍ഷം മുന്‍പാണു നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ സ്ഥാപിച്ചത്. നഗരത്തിലെ കാലഹരണപ്പെട്ട കുടിവെള്ള പൈപ്പുകള്‍ മുഴുവന്‍ മാറ്റി പുതിയതു സ്ഥാപിക്കുമെന്നു മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വാഗ്ദാനം നല്‍കിയെങ്കിലും നാളിതുവരെ ഇതിനു വേണ്ടിയുള്ള നടപടികള്‍ ഒന്നുംതന്നെ തുടങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha