ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കാന്‍ സാധ്യത; വി. മുരളീധരനും പരിഗണനയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിയാക്കാന്‍ സാധ്യത. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും കേന്ദ്ര പദവിയില്‍ പരിഗണിക്കപ്പെടുന്നുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് പദവിയാണ് മുരളീധരനു ലഭിക്കുകയെന്നും ഉന്നത ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നിലവില്‍ പ്രഖ്യാപിച്ച നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷമാകും പുതിയ പദവികളെന്നാണ് വിവരം. കേന്ദ്രമന്ത്രി സ്ഥാനത്തേക്കു മുരളിയുടെ പേരും പരിഗണനയില്‍ ഉണ്ട്. കൂടുതല്‍ സാധ്യത കുമ്മനത്തിനാകുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കുമ്മനത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റുമ്പോള്‍ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടനയും നടക്കും. സുരേഷ് ഗോപി, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ സംസ്ഥാന നേതൃത്വത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, ധാരണയായിട്ടില്ല.
ഇതിനിടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചു. ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കുമ്മനത്തെ പ്രസിഡന്റാക്കിയെങ്കിലും പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൃഷ്ണദാസ് വിഭാഗമാണെന്ന ആക്ഷേപമാണ് മുരളി വിഭാഗത്തിനുള്ളത്. പി.കെ. കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി. രമേശ് എന്നിവരുടെ നിയന്ത്രണത്തിലാണ് പാര്‍ട്ടിയെന്നും സംസ്ഥാന പ്രസിഡന്റിനെ പോലും മറികടന്ന് ഇവര്‍ തീരുമാനം എടുക്കുന്നുവെന്നുമാണ് ആക്ഷേപം. പാര്‍ട്ടിയുടെ പരിപാടികള്‍ അവഗണിച്ചു മുരളി വിഭാഗം സ്വന്തമായി പ്രവര്‍ത്തിക്കുന്നു എന്നു കൃഷ്ണദാസ് വിഭാഗവും ആരോപിക്കുന്നു.
ഇരു വിഭാഗവും ഗ്രൂപ്പു പോരിന്റെ പേരില്‍ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായതില്‍ ആര്‍എസ്എസും നീരസം അറിയിച്ചു. സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനം നിര്‍ജീവമാണെന്നാണ് മുരളി പക്ഷത്തിന്റെ പരാതിയില്‍ പ്രധാനമായും പറയുന്നത്. സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ജില്ലാ പ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ട് അഞ്ചു മാസമായി.
അനുമതിയില്ലാത്ത പത്രസമ്മേളനങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങളും ഇരുവരും നടത്തുന്നതായാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. സുരേന്ദ്രന്‍ സംഘടിപ്പിച്ച ചീമേനിയിലെ ജാഥയും വി. മുരളീധരന്റെ പത്രസമ്മേളനങ്ങളും പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്ന് എതിര്‍ വിഭാഗം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha