മദ്യത്തില്‍ കുപ്പിച്ചില്ലുപൊടി കലര്‍ത്തി യുവാവിനെ കൊല്ലാന്‍ ശ്രമം : ബസ്‌ഡ്രൈവര്‍ അറസ്റ്റില്‍
മദ്യത്തില്‍ കുപ്പിച്ചില്ലുപൊടി കലര്‍ത്തി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ഇരിങ്ങല്‍ കോട്ടക്കല്‍ മീത്തലകത്ത് നൗഷാദിനെ (38) പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ പയ്യോളി കോടതി റിമാന്‍ഡ് ചെയ്തു. പ്രതി നല്‍കിയ വെളുത്തപൊടി പോലീസിന് ലഭിച്ചിട്ടുണ്ട്.
കുപ്പിച്ചില്ലുപൊടി എന്നാണ് പ്രതി പറഞ്ഞത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ കാര്യം വ്യക്തമാകാന്‍ സാധിക്കൂ. ഫീഷറീസ് കോളനിയിലെ കടവത്ത്കാട്ടില്‍ ഗസലില്‍ സാദിഖ് വടകര ഡിവൈ.എസ്.പി. കെ. സുദര്‍ശനകുമാറിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്
പോലീസ് പറയുന്നത് ഇങ്ങനെയാണ്. ഡിസംബര്‍ ആദ്യവാരമാണ് സംഭവം നടന്നത്. ടൈല്‍സ് ജോലിക്കാരനായ സാദിഖിന്റെ കൂടെ ജോലിചെയ്യുന്ന റിയാസിനെയാണ് പൊടികലക്കാന്‍ ചുമതലപ്പെടുത്തിയത്.
റിയാസിന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന് നൗഷാദ് ഭീഷണിപ്പെടുത്തിയത്രേ. ഈ ഭീഷണിയെത്തുടര്‍ന്ന് റിയാസ് കൃത്യം ഏറ്റെടുത്തതായി ഡിവൈ.എസ്.പി. പറഞ്ഞു. റിയാസ് പൊടികലക്കുന്നത് ക്യാമറയിലാക്കാന്‍ ഇവരുടെകൂടെ ജോലിചെയ്യുന്ന ജിത്തു എന്ന മറ്റൊരാളെയും ചുമതലപ്പെടുത്തി. ഇതിനായി ജിത്തുവിന് ഫോണ്‍ നല്‍കി. ജോലിസ്ഥലത്ത് ഭക്ഷണവേളയില്‍ നല്‍കാന്‍ നൗഷാദ് പറഞ്ഞു. അത് നടക്കാതെയായപ്പോള്‍ പ്രതി മദ്യസത്ക്കാരത്തിനായി മദ്യം വാങ്ങിക്കൊടുത്തു.
എന്നാല്‍ രണ്ടുപേരും സാദിഖിനോട് സംഭവം പറഞ്ഞു. ഇവര്‍ അറിഞ്ഞുകൊണ്ട് പഞ്ചസാരപ്പൊടി കലക്കുകയും അത് ക്യാമറയിലാക്കി നൗഷാദിന് കൊടുക്കുകയും ചെയ്തു. സാദിഖിന് പ്രശ്‌നങ്ങള്‍ ഒന്നും കാണാതെയായപ്പോള്‍ പിന്നെയും രണ്ടുതവണ പൊടി നൗഷാദ് റിയാസിന് നല്‍കി. തുടര്‍ന്ന് റിയാസിന്റെ പ്രവൃത്തിയില്‍ നൗഷാദിന് സംശയം തോന്നി.
ഇതോടെയാണ് സാദിഖ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. സാദിഖ് സി.പി.എം. കോട്ടക്കല്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യയെ ശല്യംചെയ്‌തെന്ന സാദിഖിന്റ പരാതിയില്‍ നൗഷാദ് 2015ല്‍ 40 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ആ വിരോധമാകാം ഈ സംഭവത്തിന് കാരണമെന്നാണ് പോലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha