ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണോ കോളേജില്‍ വരുന്നതെന്നു ചോദിച്ച പ്രിന്‍സിപ്പലിനെ എന്തു ചെയ്യണം?

നമ്മുടെ കോളേജ് പ്രിന്‍സിപ്പലു മാര്‍ക്ക് എന്താണ് സംഭവിക്കുന്നത്. അധ്യാപികമാര്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കസേരയിലിരിക്കാന്‍ യോഗ്യരല്ലെന്നാണ് തിരുവനന്തപുരം ലോ അക്കാദമിയിലെയും എറണാകുളം മഹാരാജാസിലെയും സംഭവങ്ങള്‍ തെളിയിക്കുന്നത്. ലോ അക്കാദമിയില്‍ വര്‍ത്തമാനം പറയുന്ന ആണ്‍-പെണ്‍ സുഹൃത്തുക്കളെ പിടിക്കാന്‍ ക്യാമറ വച്ചു. മഹാരാജാസില്‍ കുട്ടികളെ വിരട്ടി ഓടിക്കുന്നു.
കോളേജ് വരാന്തയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ചോദ്യം ചെയ്യുന്നതല്ല കോളേജ് പ്രിന്‍സിപ്പലിന്റെ ജോലിയെന്ന് സംവിധായകനും മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അമല്‍ നീരദ്. മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിനു സദാചാര രോഗമെന്ന് വിദ്യാര്‍ത്ഥികള്‍. ഒരു കാലത്ത് ചിന്താ സ്വാതന്ത്ര്യം ഏറെയുണ്ടായിരുന്ന മഹാരാജാസിന്റെ ഇന്നത്തെ ഗതി പരിതാപകരം തന്നെ.
പെട്ടെന്നാണ് മഹാരാജാസിലെ സമാധാനന്തരീക്ഷത്തിന് ഭംഗമുണ്ടായത്. ഹിന്ദി വിഭാഗത്തിലെ രണ്ട് പെണ്‍കുട്ടികളും ഏതാനും ആണ്‍കുട്ടികളും കോളേജ് വരാന്തയില്‍ സംസാരിച്ച് നില്‍ക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ എന്‍.എല്‍.ബീന അവിടെയെത്തി. പ്രിന്‍സിപ്പല്‍ ഇവരെ ചോദ്യം ചെയ്തു. പെണ്‍കുട്ടികളെയും കൂട്ടി ഹിന്ദി ക്ലാസിലെത്തിയ പ്രിന്‍സിപ്പല്‍ ക്ലാസ് മുറിയില്‍ പരസ്യമായി പെണ്‍കുട്ടികളോട് ചോദിച്ചു: ''നിങ്ങള്‍ എന്തിനാണ് കോളേജില്‍ വരുന്നത്? ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണോ? ആകസ്മികമായ ചോദ്യം കേട്ട് പെണ്‍കുട്ടികള്‍ സ്തബ്ദരായി.
പ്രിന്‍സിപ്പലിന്റെ ചോദ്യം കേട്ട വിദ്യാര്‍ത്ഥികള്‍ സമരപാതയിലെത്തി. പൂര്‍വ വിദ്യാര്‍ത്ഥികള്‍ മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നിടത്തെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.
ഭിന്ന ലിംഗത്തിലുള്ളവര്‍ സംസാരിക്കുന്നതു കണ്ടാല്‍ പ്രിന്‍സിപ്പല്‍ ചുവപ്പു കണ്ട കാളയെ പോലെയാകുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അച്ചടക്കവും സഭാചാര പോലീസും തമ്മിലുള്ള അതിര്‍വരമ്പ് പ്രിന്‍സിപ്പലിനറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രിന്‍സിപ്പല്‍ കുട്ടികള്‍ക്ക് പിന്നലെ നടക്കുന്നത് അപഹാസ്യമാണെന്നാണ് അമല്‍ നീരദ് പറയുന്നത്. മഹാരാജാസ് ഒരു കാമ്പസല്ല. വെളിച്ചവും വെള്ളവും ഇല്ലാത്ത അടിമ സങ്കേതമാണ്. പെണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ഒരു നല്ല ശുചി മുറിയില്ല. അതെല്ലാം നന്നാക്കുന്നതിനു പകരം കലാപം നടത്താനാണ് പ്രിന്‍സിപ്പലിനു താത്പര്യം. കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമാക്കിയ പ്രിന്‍സിപ്പലിനെ വിലക്കിയ അധ്യാപകര്‍ കാമ്പസിലുണ്ടായിരുന്നു. അക്കാലത്ത് കാമ്പസില്‍ പോലീസ് കയറുമായിരുന്നില്ല-അമല്‍ പറഞ്ഞു.
ഒരു ആര്‍ട്ട്‌സ് കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നത് വിലക്കാനാവില്ലെന്നാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ പി ദിനേശ് പറയുന്നത്. നല്ല അധ്യാപകരുടെ ക്ലാസുകള്‍ ആരും കട്ട് ചെയ്യില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റണമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
തലമുറ മാറ്റമാകണം അധ്യാപകരുടെ ഇത്തരം പെരുമാറ്റങ്ങള്‍ക്കുള്ള പ്രധാന കാരണം.
https://www.facebook.com/Malayalivartha

























