പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണമായി നിരോധിക്കുന്നു

പ്ലാസ്റ്റിക് കാരിബാഗുകള്‍ തിരുവനന്തപുരം നഗരസഭ പൂര്‍ണമായും നിരോധിക്കുന്നു. 50 മൈക്രോണിനു മുകളിലുള്ള കവറുകള്‍ക്ക് ഹോളോഗ്രാം പതിച്ചുള്ള ഉപയോഗം അനുവദിച്ചിരുന്നെങ്കിലും ഇത് ഫലപ്രദമാവാത്തതിനാലാണ് ഈ നടപടി. 24-ന് ചേരുന്ന കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. റിപ്പബ്ലിക്ദിനം മുതല്‍ നിരോധനം നടപ്പാക്കാനാണ് ആലോിക്കുന്നത്.
ആദ്യഘട്ടത്തില്‍ വ്യാപാരികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പൂര്‍ണ നിരോധനത്തോട് വ്യാപാരികള്‍ക്ക് അനുകൂല നിലപാടാണുള്ളതെന്നും മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. എന്റെ നഗരം സുന്ദരനഗരം പദ്ധതിയോടനുബന്ധിച്ച് നടന്ന മാധ്യമ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരം, 480 ടണ്‍ മാലിന്യം പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതുപൂര്‍ണമായും സംസ്‌കരിക്കാനുള്ള സംവിധാനം നഗരസഭയ്ക്കില്ല. മിനി പ്ലാന്റുകളേക്കാള്‍ ഉറവിട-മാലിന്യ-സംസ്‌കരണത്തിനാണ് നഗരസഭ ഊന്നല്‍ നല്‍കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിരന്തരം പ്ലാസ്റ്റിക്ക് കത്തിക്കുന്നതു ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് ഒഴിവാക്കാന്‍ നിരോധനം മാത്രമാണ് ഫലപ്രദമാവുക. പകരം തുണിബാഗുകളുടെ ലഭ്യത ഉറപ്പാക്കും. തുണി സഞ്ചികള്‍ നിര്‍മ്മിക്കുന്നതിന് 30 സ്ത്രീകള്‍ക്ക് നഗരസഭ പരിശീലനം നല്‍കിയിട്ടുണ്ട്. തുണി ബാഗുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ സബ്‌സിഡി കൊടുക്കുന്നതിനെക്കുറിച്ച് സര്‍ക്കാരുമായി ആലോചിക്കും. കുടുംബശ്രീയുടെ കീഴില്‍ തുണിബാഗുകളും തുണി സഞ്ചികളും ഉത്പ്പാദിപ്പിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കും. ഇത്തരം കാര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിലപാടെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുമുണ്ട്.
വീടുകളില്‍ മാലിന്യസംസ്‌കരണത്തിന് കിച്ചണ്‍ബിന്‍ പദ്ധതിയും ഇതിനുപുറമെ തുമ്പൂര്‍മൂഴി എയ്‌റോബിക് ബിന്നുകളുടെ പദ്ധതിയും വ്യാപിപ്പിക്കും. മാലിന്യ പരിപാലന സന്ദേശം വീടുകളിലെത്തിക്കാന്‍ സ്‌കൂള്‍തല ക്യാമ്പയിനുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കോട്ടണ്‍ഹില്ലിലും മോഡല്‍ സ്‌കൂളിലും നടപ്പാക്കുന്ന പദ്ധതി എല്ലാ സ്‌കൂളുകളിലും വ്യാപിപ്പിക്കും. കുട്ടികള്‍ക്കായി മാലിന്യ സംസ്‌കരണ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക് പരിപാടികള്‍, സയന്‍സ് പ്രോജക്ടുകള്‍, ക്വിസ് മത്സരങ്ങള്‍, സമ്മര്‍ വെക്കേഷന്‍ ക്യാമ്പുകള്‍, കുട്ടികളുടെ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി പരിസര കോണ്‍ഗ്രസ്, എക്‌സിബിഷന്‍ എന്നിവ സംഘടിപ്പിക്കുവാനും ആലോചിക്കുന്നുണ്ട്.
സ്‌കൂള്‍ തല ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നു തങ്ങളുടെ വീടുകളില്‍ കിച്ചന്‍ ബിന്‍ സ്ഥാപിക്കുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയതിനു ശേഷം അവ സൗജന്യമായി വീടുകളില്‍ സ്ഥാപിക്കുകയും ചെയ്യും. സ്ഥാപിക്കുന്നതിനും പരിപാലനത്തിനുമായി നഗരസഭാ തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കും. ലഭിക്കുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച ക്ലാസ്സുകള്‍ക്കും സ്‌കൂളുകള്‍ക്കും അവാര്‍ഡും പദ്ധതി ആനുകൂല്യവും നല്‍കുമെന്നും മേയര്‍ പറഞ്ഞു.
ശില്‍പശാലയില്‍ എന്റെ നഗരം സുന്ദരം പദ്ധതിയുടെ അംബാസിഡര്‍ ഗോപിനാഥ് മുതുകാട്, ഡെപ്യൂട്ടി സ്പീക്കര്‍ രാഖി രവീന്ദ്രന്‍, ബിജെപി നഗരസഭകക്ഷി നേതാവ് അഡ്വ. ഗിരികുമാര്‍, ഉപനേതാവ് എം.ആര്‍. ഗോപന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു, ആര്‍. സതീഷ്‌കുമാര്‍, ഗീതാഗോപാല്‍, കൗണ്‍സിലര്‍മാരായ ജോണ്‍സണ്‍ ജോസഫ്, അനില്‍കുമാര്‍, പാളയം രാജന്‍, പീറ്റര്‍ സോളമന്‍, ട്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha