പള്ളിമുറ്റത്ത് ദേശീയപതാക ഉയര്‍ത്തിയത് തക്ബീര്‍ മുഴക്കി, ശേഷം ദേശീയഗാനം; ദേശസ്‌നേഹത്തെ ഈശ്വരസ്‌നേഹമാക്കിയവര്‍ക്ക് കയ്യടിയുമായി സോഷ്യല്‍ മീഡിയ

ദേശസ്‌നേഹം വാക്കിലല്ല പ്രവൃത്തിയില്‍ വരുത്തുന്നവര്‍. ദേശസ്‌നേഹത്തെ മതംതിരിച്ച് വിലയിരുത്തപ്പെടുന്ന കാലമാണിത്. മുസ്ലീങ്ങളെ പാകിസ്താനിലേക്ക് നാടുകടത്താന്‍ നിരന്തരം ആവശ്യപ്പെടുന്നവരുമുണ്ട് രാജ്യത്തിന്റെ മുഖ്യധാരയില്‍ തന്നെ. ആ കാലത്ത് തന്നെയാണ് ദേശീയ പതാകയെ അടിവസ്ത്രത്തോട് താരതമ്യം ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷനും, ക്യാമറകളെ നോക്കി സല്യൂട്ട് ചെയ്യുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിയുമെല്ലാം ഉള്ളതും. അവിടെയാണ് ദൈവവിശ്വാസം പോലെ തന്നെയാണ് ദേശസ്‌നേഹവും എന്ന് ഓര്‍മ്മിപ്പിച്ച് കേരളത്തില്‍ നിന്നുള്ള ഈ വീഡിയോ പ്രചരിക്കുന്നത്.
കേച്ചേരിയിലെ മുസ്ലീം പള്ളിക്ക് മുന്‍പിലെ ദേശീയപതാക ഉയര്‍ത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ അള്ളാഹു അക്ബറെന്ന് വിളിക്കുന്ന വിശ്വാസികള്‍, പതാക ഉയര്‍ത്തിക്കഴിഞ്ഞ് ദേശീയഗാനവും ചൊല്ലുന്നുണ്ട്. ബോലോ തക്ബീര്‍ വിളിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരടിച്ച വാരിയം കുന്നത്തിന്റെയും ആലിമുസലിയാരുടെയും മഹാപാരമ്പര്യമുള്ള കേരളത്തിന്റെ പുത്തന്‍ മാതൃകയായാണ്, നവമാധ്യമങ്ങള്‍ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്, ഈ വീഡിയോയോട് യോജിപ്പില്ലാത്തയാളാണെന്നതാണ് ഏറ്റവും രസകരമായ കാര്യം. അങ്ങനെ ദുരുദ്ദേശത്തോടെ പോസ്റ്റ് ചെയ്ത മൊബൈല്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ചിരിക്കാന്‍ വേറെവിടേക്കെങ്കിലും പോണോ എന്ന അടിക്കുറിപ്പോടെയാണ് അബ്ദുള്ള അരീക്കാടന്‍ എന്നയാള്‍ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ കടുത്ത രോഷമാണ് ഫെയ്‌സ്ബുക്കിപ്പോള്‍ കാണുന്നത്. പൊങ്കാല ബഹളത്തിനിടയില്‍, ഈ മനോഹരമായ വീഡിയോ അബദ്ധത്തിലെങ്കിലും പങ്കുവെച്ചതിലുള്ള നന്ദിയും ചിലര്‍ രേഖപ്പെടുത്തുന്നു. ഇന്ത്യന്‍ മുസല്‍മാന്റെ ദേശീയതയെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള ഉത്തമ മറുപടിയായാണ് ജാതിമതവ്യത്യാസമില്ലാതെ നവമാധ്യമ ഉപയോക്താക്കള്‍ ഈ വീഡിയോയെ ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























