സിപിഎമ്മും വെട്ടിലായി... സിപിഎമ്മിന്റെ സമവായ ശ്രമം തള്ളി ലക്ഷ്മി നായര്‍; പ്രിന്‍സിപ്പല്‍ പദവി ഒഴിയില്ല; ബന്ധുക്കളായ ഡയറക്ടര്‍മാരുടെ പിന്തുണയും ലക്ഷ്മി നായര്‍ക്ക്

ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം നടത്തിയ ശ്രമം പാളി. സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ നിലപാടെടുത്തതോടെയാണ് സമവായ ശ്രമം പാളിയത്. സിപിഎം നേതൃത്വം അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരെ കണ്ടശേഷവും ലക്ഷ്മി നായര്‍ നിലപാട് മയപ്പെടുത്തിയില്ല. ബന്ധുക്കളായ മറ്റു ഡയറക്ടര്‍മാരും വിഷയത്തില്‍ ലക്ഷ്മി നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രശ്‌നപരിഹാരത്തിന് സിപിഎം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് നാളെ യോഗം ചേരും.
ലോ അക്കാദമി സമരത്തോടുള്ള പാര്‍ട്ടിയുടെ തണുപ്പന്‍ പ്രതികരണം എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ സിപിഎം ഇടപെട്ടത്. ഇതിന്റെ ഭാഗമായി അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി സമവായ ചര്‍ച്ച നടത്തിയിരുന്നു. നാരായണന്‍ നായരുടെ സഹോദരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. നാരായണന്‍ നായരുടെ മകളാണ് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.
വിഷയത്തില്‍ പാര്‍ട്ടി പറയുന്നതാണ് തന്റെ നിലപാടെന്ന് മുന്‍ എംഎല്‍എ കൂടിയായ കോലിയക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, 45 മിനിറ്റോളം നീണ്ട ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ നാരായണന്‍ നായര്‍ പ്രതികരണമൊന്നും നടത്താതെ മടങ്ങി. ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായരെ മാറ്റണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ 19 ദിവസമായി സമരം നടത്തിവരികയാണ്. അതേസമയം, പ്രിന്‍സിപ്പലിനെ മാറ്റുന്ന കാര്യം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.
എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും പ്രിന്‍സിപ്പലിന്റെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മാനേജ്‌മെന്റിനെ പിണക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സിപിഎം ശ്രമം. സമരം ഏറ്റെടുക്കാന്‍ സിപിഎം തയാറാകുന്നില്ലെന്ന ആരോപണം നിലനില്‍ക്കെ, എസ്എഫ്‌ഐയുടെ സമരപ്പന്തലിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലൂടെ ഇതു കൂടുതല്‍ വ്യക്തമാകുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥി സമരമാണു നടക്കുന്നതെന്നും രാഷ്ട്രീയ സമരമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ കോടിയേരി, ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യത്തെ വിദ്യാര്‍ഥി സമരവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പ്രതികരിച്ചു. ഇതിനിടെ പുതിയ പന്തല്‍ കെട്ടി ഉപവാസം ആരംഭിച്ച ബിജെപി നേതാവ് വി.മുരളീധരനു വിദ്യാര്‍ഥികളുടെ വന്‍ പിന്തുണ ലഭിച്ചതും സിപിഎമ്മിനു തലവേദനയായി.
സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചെത്തിയ വി.എസ്.അച്യുതാനന്ദന്‍ മുഖ്യ ആവശ്യമായി ഉന്നയിച്ചത് ലോ അക്കാദമിയുടെ സ്ഥലം തിരിച്ചുപിടിക്കണമെന്നായിരുന്നു. പ്രിന്‍സിപ്പലിനെ മാറ്റണമെന്നും ഭൂമി ഏറ്റെടുക്കണമെന്നും സിപിഐയും കൂടി ആവശ്യപ്പെട്ടതോടെ വിഷയത്തില്‍ ഒറ്റപ്പെട്ട നിലയിലാണു സിപിഎം. ലക്ഷ്മി നായരെ പെട്ടെന്നു കൈവിടേണ്ടെന്ന പാര്‍ട്ടി നിലപാടിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്.
അതില്‍ മുഖ്യം, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ജ്യേഷ്ഠന്‍ എന്‍.നാരായണന്‍ നായരാണു ലോ അക്കാദമി ഡയറക്ടര്‍ എന്നതുതന്നെ. നാരായണന്‍ നായരുടെ മകളും പ്രിന്‍സിപ്പലുമായ ലക്ഷ്മി നായര്‍ പാര്‍ട്ടി ചാനലിനുവേണ്ടി വര്‍ഷങ്ങളായി ഒട്ടേറെ പരിപാടികള്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും വമ്പന്‍മാര്‍ മുതല്‍ യുവനേതാക്കള്‍ വരെ ഒട്ടേറെപ്പേര്‍ എല്‍എല്‍ബി നേടിയതു ലോ അക്കാദമി ലോ കോളജില്‍നിന്നാണ്. പ്രവേശനം നേടിയശേഷം ക്ലാസില്‍ കയറാതെ പാര്‍ട്ടി പ്രവര്‍ത്തനവുമായി നടന്നാലും ഹാജരും ഇന്റേണല്‍ മാര്‍ക്കും താനേ വീഴുമെന്നു സിന്‍ഡിക്കറ്റ് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ത്തന്നെയുണ്ട്.
https://www.facebook.com/Malayalivartha


























