വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് മരണം സംഭവിച്ചാല്‍ വിമാനക്കമ്പനിക്ക് ബാധ്യതയില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള വിമാനം വൈകിയതു കൊണ്ടാണ് യാത്രയ്ക്കിടെ ഭര്‍ത്താവിന് ഹൃദയാഘാതം ഉണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണ് ഗ്രേസിക്കുട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. 2014 ഏപ്രില്‍ മൂന്നിനാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഭര്‍ത്താവ് പി.യു. ജോണിനൊപ്പം ദോഹയിലേക്ക് ഇവര്‍ യാത്ര ചെയ്യാനിരുന്നത്. ദോഹയില്‍നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള കണക്ഷന്‍ വിമാനത്തിലാണ് ഇവര്‍ക്കു പോകേണ്ടിയിരുന്നത്.
എന്നാല്‍ വിമാനത്തിന് ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍നിന്നുള്ള വിമാനം വൈകിയതിനാല്‍ ഇവര്‍ക്ക് ദോഹയില്‍നിന്നുള്ള കണക്ഷന്‍ വിമാനം കിട്ടിയില്ല. തുടര്‍ന്നു ഒരു ദിവസം വിമാനക്കമ്പനി നല്‍കിയ ഹോട്ടല്‍മുറിയില്‍ ഇവര്‍ക്കു താമസിക്കേണ്ടിവന്നു. ഏപ്രില്‍ നാലിന് ഇരുവരും അമേരിക്കയിലേക്കു തിരിച്ചു. ഈ യാത്രയ്ക്കിടെയാണ് ജോണിനു വിമാനത്തിനുള്ളില്‍വച്ച് ഹൃദയാഘാതം ഉണ്ടായത്. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം വിമാനം ന്യൂ ഓറിയന്‍സ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി ജോണിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നെടുമ്പാശേരിയില്‍നിന്നുള്ള വിമാനം വൈകിയില്ലായിരുന്നെങ്കില്‍ ഭര്‍ത്താവിനു യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടാകുമായിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഗ്രേസിക്കുട്ടി പരാതി സമര്‍പ്പിച്ചത്. എന്നാല്‍ ജോണിന് ഹൃദ്രോഗം ഉള്ള വിവരം ഇവര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി ചൂണ്ടിക്കാട്ടി. വീല്‍ചെയര്‍ വേണമെന്ന് പറഞ്ഞതിന്റെ കാരണം തിരിക്കിയപ്പോള്‍ വാര്‍ധക്യവിഷമതകള്‍ എന്നു മാത്രമാണ് ഇവര്‍ പറഞ്ഞിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
വിമാനത്തില്‍ വച്ച് രണ്ടു ഡോക്ടര്‍മാര്‍ ജോണിനു ചികിത്സ നല്‍കിയിരുന്നു. വലിയ അധികച്ചെലവു വന്നിട്ടും വിമാനം ദിശതിരിച്ചുവിട്ട് അടിയന്തരമായി ജോണിനെ ആശുപത്രിയില്‍ എത്തിച്ചുവെന്നും വിമാനക്കമ്പനി അറിയിച്ചു.
നെടുമ്പാശേരിയില്‍ ഇടിമിന്നലേറ്റതിനെ തുടര്‍ന്നുള്ള സുരക്ഷാപരിശോധനകള്‍ മൂലമാണ് വിമാനം വൈകിയതെന്നും അതിന് വിമാനക്കമ്പനിയെ പഴിക്കാനാവില്ലെന്നും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വ്യക്തമാക്കി. യാത്ര ഒഴിവാക്കാനോ മാറ്റിവയ്ക്കാനോ പരാതിക്കാര്‍ക്ക് യാതൊരു തടസവും ഉണ്ടായിരുന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ പരാതി തള്ളിയത്.
https://www.facebook.com/Malayalivartha