സി പി ഐ തര്‍ക്കം... കെ.എം.മാണിയുമായുള്ള പ്രശ്‌നാധിഷ്ഠിത പിന്തുണ സി പി എം പുനരാലോചിക്കുന്നു

ശതാഭിഷ്‌ക്തനായ കെ.എം.മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണമാകാം എന്ന പഴയ നിലപാടിലേക്ക് സി പി എം തിരിച്ചെത്തും. സി പി ഐയുമായുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളാകുന്ന പശ്ചാത്തലത്തില്‍ സി പി എം സംസ്ഥാന കമ്മിറ്റിയിലെ ഉന്നതര്‍ ഇതു സംബന്ധിച്ച് ആലോചന തുടങ്ങി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ പ്രധാന കക്ഷിയായ കോണ്‍ഗ്രസും ഘടകകക്ഷികളുമായി നിലനിന്നിരുന്ന ഊഷ്മള ബന്ധം സിപിഐയുമായി സാധിക്കുന്നില്ലെന്ന വേദനയിലാണ് സി പി എം.
സി പി ഐ മന്ത്രിമാര്‍ക്കെതിരായ മന്ത്രി എ കെ ബാലന്റെ പ്രതികരണം, എം എം മണിയുടെ ആക്ഷേപം, വടക്കാഞ്ചേരി, കളമശേരി വിഷയങ്ങളില്‍ സി പി ഐ യുടെ നിലപാട്, മാധ്യമ അഭിഭാഷക തര്‍ക്കത്തിലെ സി പി ഐ നിലപാട്, ഇ.പി.ജയരാജനെതിരായ വിമര്‍ശനം, സര്‍ക്കാര്‍ ഡയറിയില്‍ സി പി ഐ മന്ത്രിമാരുടെ മൂപ്പിള തര്‍ക്കം, വിവരാവകാശ നിയമതര്‍ക്കം, അക്കാദമി സമരം എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും സി പി ഐ തങ്ങളെ പ്രതിക്കൂട്ടിലാക്കിയെന്നാണ് സി പി എം പറയുന്നത്.
കെ എം മാണിയുമായി സഹകരിക്കാന്‍ നേരത്തെ സി പി എം തീരുമാനിച്ചി രുന്നതാണ്. എന്നാല്‍ സി പി ഐ യുടെ എതിര്‍പ്പ് കാരണം നടക്കാതെ പോയി. അതിനിടയില്‍ ബിജെപി മാണിയെ സ്വാഗതം ചെയ്തു. എന്നാല്‍ അവരുടെ വഴിയേ മാണി പോയില്ല. ജനാധിപത്യപരമായി ചിന്തിക്കുന്ന എല്ലാ മതനിരപേക്ഷ കക്ഷികളെയും ഒരുമിച്ച് നിര്‍ത്താനാണ് സി പി എം തീരുമാനം. കാരണം ബി ജെ പി യെ സംസ്ഥാനത്ത് ഒരു തരത്തിലും വളരാന്‍ അനുവദിക്കരുത്. ഇതാണ് സി പി എം നിലപാട്. എന്നാല്‍ തങ്ങള്‍ക്ക് പുറമേ മറ്റാരുമായും സഹകരിക്കുന്നത് സിപിഎ ഇഷ്ടപ്പെടുന്നില്ല.
എന്നാല്‍ സിപിഐയുമായുള്ള സഹകരണം എത്ര കാലം തുടരാനാകുമെന്ന സംശയത്തിലാണ് സി പി എം. എവിടെ വച്ച് വേണമെങ്കിലും ബന്ധം മുറിയാനിടയുണ്ട്. അങ്ങനെയൊരു സന്ദര്‍ഭം ഉണ്ടാവുകയാണെങ്കില്‍ മറ്റേതെങ്കിലും വഴി ആലോചിക്കേണ്ടി വരും. അതിന് ഏറ്റവും നല്ലത് കെ.എം.മാണിയുമായുള്ള സഹകരണമാണെന്നും സി പി എം കരുതുന്നു. അതിന്റെ ആദ്യപടിയായിരിക്കും പ്രശ്‌നാധിഷ്ഠിത പിന്തുണ. പാലായിലെ തദ്ദേശ സ്ഥാപനത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ തിളക്കമാര്‍ന്ന വിജയവും ഇത്തരത്തില്‍ ചിന്തിക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
https://www.facebook.com/Malayalivartha