നഷ്ടപ്പെട്ടത് സമുന്നത നേതാവിനെ... മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപി അന്തരിച്ചു

മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് (78) അന്തരിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടന്നുകൊണ്ടിരിക്കെ ഇന്നലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ ഉടന്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചിരുന്നു. പുലര്‍ച്ചെ 2.15 നാണു മരണം സ്ഥിരീകരിച്ചത്. ഇന്നു രാവിലെ എട്ടു മുതല്‍ 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്കു രണ്ടിനു പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലേക്കു പുറപ്പെടും. വൈകിട്ടു കരിപ്പൂര്‍ ഹജ് ഹൗസിലും തുടര്‍ന്നു കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനം. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും. കബറടക്കം നാളെ കണ്ണൂരില്‍.
25 വര്‍ഷം ലോക്‌സഭാഗംവും 18 വര്‍ഷം നിയമസഭാംഗവുമായിരുന്നു. 1967, 77, 80, 82, 87 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ അഞ്ചുവര്‍ഷം വ്യവസായമന്ത്രിയായിരുന്നു. 1991, 96, 98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ മലപ്പുറത്ത് നിന്ന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെയാണ് എംപിയായത്. 2004ലെ ആദ്യ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായി. രണ്ടാംയുപിഎ സര്‍ക്കാരില്‍ റയില്‍വേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായി. ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡിന് ഉടമയാണ്. പാര്‍ലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയന്ത്രസംഘങ്ങളിലും പ്രധാനസ്ഥാനം വഹിച്ചു. 1991 മുതല്‍ 2014 വരെയുള്ള വിവിധകാലങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലും മറ്റു പരിപാടികളിലും ഇന്ത്യയെ പലതവണ പ്രതിനനിധീകരിച്ചു. കണ്ണൂര്‍ നഗരസഭാധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളുടെ സ്‌നേഹമേറ്റു വാങ്ങിയ ഇന്ത്യയുടെ പ്രതിനിധിയായി രാജ്യാന്തര നയതന്ത്രമേഖലയില്‍ അറിയപ്പെടുന്ന അഹമ്മദ് അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഊഷ്മള ബന്ധത്തില്‍ ചരിത്രപരമായ പങ്കുവഹിച്ചയാളാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിനിധിയായി നടത്തിയ ഗള്‍ഫ് സന്ദര്‍ശനം മുതല്‍ ഗള്‍ഫ് ഭരണാധികാരികളുമായി ഏറെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. 2004ല്‍ ഇറാഖില്‍ ഇന്ത്യക്കാരെ ബന്ദിയാക്കിയപ്പോള്‍ ഇടപെടുകയും ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത തൊഴില്‍നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുണ്ടായപ്പോള്‍ അയവുണ്ടാക്കാന്‍ പരിശ്രമിക്കുകയും ചെയ്തത് അഹമ്മദിന്റെ നയതന്ത്രനീക്കങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. സൗദി ഭരണകൂടത്തിന്റെ അതിഥികളായി ഇന്ത്യയില്‍നിന്നു പോകുന്ന ഹജ് സൗഹൃദസംഘത്തിലെ അംഗമായിരുന്നു. ഇസ്‌ലാംമത വിശ്വാസികളുടെ പരിപാവന പ്രാര്‍ഥനാേഗഹമായ മക്കയിലെ കഅബ കഴുകുന്ന ചടങ്ങിന് ക്ഷണം ലഭിക്കുന്ന ലോകത്തെ അപൂര്‍വം നേതാക്കളിലൊരാളായിരുന്നു അഹമ്മദ്. ഇന്ത്യയില്‍നിന്നുള്ള ഹജ് തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതില്‍ പങ്കുവഹിച്ചു.
തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലിഷിലും മലയാളത്തിലുമായി നാലു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1938 ഏപ്രില്‍ 29ന് കണ്ണൂരിലെ വ്യാപാരി കുടുംബത്തില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും രണ്ടാമത്തെ മകനായാണ് എടപ്പകത്ത് അഹമ്മദ് എന്ന ഇ. അഹമ്മദിന്റെ ജനനം. അഭിഭാഷക ബിരുദം മാറ്റിവച്ച് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഭാര്യ സുഹറ 1999ല്‍ കാറപകടത്തില്‍ മരിച്ചു. മക്കള്‍: റയീസ് അഹമ്മദ് (ദുബായ്), നസീര്‍ അഹമ്മദ് (ബഹറൈന്‍), ഡോ. ഫൗസിയ ഷര്‍സാദ് (പ്രഫസര്‍, ദുബായ് വിമന്‍സ് മെഡിക്കല്‍ കോളജ്). മരുമക്കള്‍: നിഷാം റയീസ്, നൗഷീന്‍ നസീര്‍, ഡോ. ബാബു ഷര്‍സാദ് (ദുബായ് മെഡികെയര്‍ സിറ്റിയില്‍ നെഫ്രോളജിസ്റ്റ്).
https://www.facebook.com/Malayalivartha