മരണം കൊണ്ടൊരു ബജറ്റ് കളി... ബന്ധുക്കളെ അഹമ്മദിനെ കാണിക്കാതിരുന്നത് ബജറ്റ് തടസപ്പെടാതിരിക്കാന്‍; എന്നാല്‍ മരണം സ്ഥിരീകരിച്ച് ബജറ്റ് മുടക്കാന്‍ സോണിയയും സംഘവും

ഹൃദയാഘാതത്തെ തുടര്‍ന്നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ.അഹമ്മദ് എംപിയെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനുമതി നിഷേധിച്ചതിന് പിന്നില്‍ കേന്ദ്ര ബജറ്റെന്ന് ആരോപണം. അതേസമയം ബജറ്റ് അവതരണം മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. അവതരണം മാറ്റിവച്ചില്ലെങ്കില്‍ ഇന്നത്തെ ലോക്‌സഭാ നടപടികള്‍ ബഹിഷ്‌കരിക്കാനും പ്രതിപക്ഷം നീങ്ങുന്നതായാണ് സൂചന. ഇന്നലെ ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെ രാവിലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ 2.15 നാണു മരണം സ്ഥിരീകരിച്ചത്.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഫെബ്രുവരി ഒന്നിന് ദേശീയ ബജറ്റ് അവതരിപ്പിക്കാനുളള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കത്തെ ഇ.അഹമ്മദിന്റെ നിര്യാണം എങ്ങനെ ബാധിക്കുമെന്നത് ഇനിയും വ്യക്തമല്ല. ഫെബ്രുവരി 28 ന് ബജറ്റ് അവതരിപ്പിക്കുന്ന പതിവില്‍ നിന്ന് മാറി നേരത്തെ ബജറ്റ് അവതരിപ്പിക്കാന്‍ വേണ്ട സജ്ജീകരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയത്.
അതേസമയം അഹമ്മദിനെ ബന്ധുക്കളെ കാണിക്കാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. കാരണം വ്യക്തമാക്കാതെ മക്കള്‍ക്കു സന്ദര്‍ശനാനുമതി നിഷേധിച്ചതും അവരോടു മോശമായി പെരുമാറിയതും അറിഞ്ഞു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും ലീഗ് നേതാക്കളും രാത്രി ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി. ഉദ്യോഗസ്ഥര്‍ വഴങ്ങാത്തതിനെത്തുടര്‍ന്നു മക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയശേഷം രാത്രി വൈകി അധികൃതര്‍ വീഴ്ച സമ്മതിച്ചു ഖേദം പ്രകടിപ്പിച്ചുവെങ്കിലും ലീഗ് എംപിമാരും നേതാക്കളും ആശുപത്രിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ മക്കളെയും മരുമകനെയും അനുവദിച്ച ശേഷമാണ് മരണവിവരം സ്ഥീരികരിച്ചത്.
മൂന്നു മണിക്കൂറോളം കാത്തുനിന്നിട്ടും പിതാവിനെ കാണാന്‍ അനുമതി നല്‍കിയില്ലെന്ന് അഹമ്മദിന്റെ മക്കളായ നസീര്‍ അഹമ്മദ്, റയീസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍സാദ് എന്നിവര്‍ പറഞ്ഞു. അദ്ദേഹത്തിനു വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനു മുമ്പ് അനുമതി തേടിയില്ലെന്നും ഇത് അധാര്‍മികമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിക്കുന്ന സംഭവം തന്റെ ജീവിതത്തില്‍ ആദ്യമാണെന്നു സോണിയ പറഞ്ഞു. ട്രോമ കെയര്‍ വിഭാഗത്തില്‍ കയറിയ സോണിയ ആശുപത്രി അധികൃതരോട് രോഷാകുലയായി സംസാരിച്ചതായി അറിയുന്നു. അര്‍ധരാത്രിക്കുശേഷമാണ് അവര്‍ വീട്ടിലേക്കു തിരിച്ചുപോയത്. ആശുപത്രി അധികാരികള്‍ ഈ തീരുമാനങ്ങളെടുത്തതു സര്‍ക്കാരിന്റെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് അഹമ്മദ് പട്ടേല്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ് എത്തിയശേഷമാണ് ലീഗ് നേതാവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ തീരുമാനിച്ചതെന്നും ആരോപണമുയര്‍ന്നു.
https://www.facebook.com/Malayalivartha