സ്വകാര്യ ആശുപത്രികളിലും ലാബുകളിലും നിരക്കിലും പരിശോധനാ സംവിധാനങ്ങളിലും ഏകീകൃത സ്വഭാവം ഏര്‍പ്പെടുത്താന്‍ കര്‍ശന നിയമം കൊണ്ടുവരുന്നു

സ്വകാര്യ ആശുപത്രികളും ലാബുകളും രോഗികളെ പിഴിയുന്നതു നിയന്ത്രിക്കാന്‍ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ തയാറായി. സ്വകാര്യമേഖലയുടെ സമ്മര്‍ദത്തെ തുടര്‍ന്നു നാലുവര്‍ഷം മുമ്പു മരവിപ്പിച്ച ബില്ലാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്തത്. കേന്ദ്ര ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ(2010)ത്തിന്റെ ചുവടുപിടിച്ചുള്ള ബില്ലിനു നിയമവകുപ്പിന്റെ അനുമതി ലഭിച്ചു.
23-നു തുടങ്ങുന്ന ബജറ്റ് സമ്മേളത്തില്‍ ബില്‍ അവതരിപ്പിച്ചു സബ്ജക്ട് കമ്മിറ്റിക്കു വിടാനാണ് ആരോഗ്യ വകുപ്പു ശ്രമിക്കുന്നത്. തുടര്‍ന്ന് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉള്‍പ്പെടുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു.
എന്നാല്‍ ബജറ്റ് സമ്മേളനത്തിന്റെ സമയപരിമിതി കാരണം ബില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന് ഉറപ്പില്ല. നിയമം നടപ്പായാല്‍ കേരളത്തിലെ ചെറുതും വലുതുമായ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ക്ലിനിക്കല്‍ ലബോറട്ടറികള്‍ക്കും ഫാര്‍മസികള്‍ക്കും നിരക്കിലും പരിശോധനാ സംവിധാനങ്ങളിലും ഏകീകൃത സ്വഭാവം ഏര്‍പ്പെടുത്താന്‍ സാധിക്കും.
രോഗികളെ കൊള്ളയടിക്കുന്ന ലാബുകളെ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ കമ്മിഷന്‍ ഇടപാടുകള്‍ അവസാനിപ്പിക്കാനും ഇതുമൂലം സാധിക്കും. സ്വകാര്യസര്‍ക്കാര്‍ ആശുപത്രികളെയും ക്ലിനിക്കല്‍ ലബോറട്ടറികളെയും ഫാര്‍മസികളെയും നിയന്ത്രിക്കാന്‍ കേരളത്തില്‍ ഇതുവരെ സമഗ്ര നിയമം ഉണ്ടായിരുന്നില്ല.
നിലവില്‍ ഷോപ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചാണു കേരളത്തില്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. സിക്കിം, മേഘാലയ, അരുണാചല്‍പ്രദേശ്, തമിഴ്‌നാട്, ബംഗാള്‍ ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
നിയമം നടപ്പാകുകയാണെങ്കില്‍ എല്ലാ ആശുപത്രികളും റജിസ്റ്റര്‍ ചെയ്യണം. അപേക്ഷ സമര്‍പ്പിക്കുന്ന ആര്‍ക്കും ആദ്യ റജിസ്‌ട്രേഷന്‍ ലഭിക്കും. എന്നാല്‍ നിയമ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയന്ന കര്‍ശന പരിശോധനയ്ക്കുശേഷമേ ഒരു വര്‍ഷത്തിനുശേഷം സ്ഥിര റജിസ്‌ട്രേഷന്‍ നല്‍കൂ. സ്ഥിര റജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ നടപടി വരും. അഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.
ആശുപത്രികളിലും ലാബുകളിലും ഓരോ ചികില്‍സയുടെയും പരിശോധനയുടെയും നിരക്കുകള്‍ വെബ്‌സൈറ്റിലൂടെയും അച്ചടിച്ചും പ്രദര്‍ശിപ്പിക്കണം. ചികില്‍സാ ചെലവ് രോഗിക്കു മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും.
ആശുപത്രി വിടുമ്പോള്‍ രോഗം, ചികില്‍സ എന്നിവയുടെ പൂര്‍ണ വിവരം രേഖാമൂലം നല്‍കണം.
എന്നാല്‍ ഒരു ഡോക്ടര്‍ മാത്രമുള്ള ചെറിയ ക്ലിനിക്കുകളെ നിയമം തകര്‍ക്കുമെന്നും നിയമത്തിനെതിരെ വാദിക്കുന്നവര്‍ പറയുന്നു. 1995-ല്‍ ഇത്തരം 1958 ക്ലിനിക്കുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 1100 എണ്ണമേയുള്ളൂ. വന്‍കിട ആശുപത്രികളിലേതുപോലെ ചികില്‍സാ സൗകര്യങ്ങളും മറ്റും ഏര്‍പ്പെടുത്താനാകാതെ ഇവയില്‍ പലതും അടച്ചുപൂട്ടേണ്ടിവരും. അതോടെ രോഗികള്‍ പൂര്‍ണമായും കോര്‍പറേറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാല്‍ ചികില്‍സാച്ചെലവു വര്‍ധിക്കും.
https://www.facebook.com/Malayalivartha
























