അധ്യാപികക്ക് നേരെ ക്രൂരമായ മര്‍ദ്ദനവും പീഡനശ്രമവും, അധ്യാപിക ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരത്ത് പട്ടികജാതിയില്‍പ്പെട്ട അധ്യാപികയ്ക്ക് നേരെ ക്രൂരമായ മര്‍ദ്ദനവും പീഡനശ്രമവും. ബിഡിജെഎസ് നേതാവും മറ്റ് രണ്ട് ബിജെപി നേതാക്കളുമാണ് ആക്രമണം നടത്തിയതെന്ന് പോലീസിനോട് അധ്യാപിക മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തിനിരയായ അധ്യാപിക ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു ആക്രമണം. വീടുകളില്‍ ട്യൂഷനെടുത്ത് ജീവിക്കുന്ന അധ്യാപികയെ പുന്നമൂട് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ സേവാഭാരതി എന്ന സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്.
കല്ലിയൂര്‍ പഞ്ചായത്ത് ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവും ചേര്‍ന്നാണ് നാല്‍പതുകാരിയായ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
'പുലയിക്ക് ഇത്രയും വിദ്യാഭ്യാസം വേണ്ട' എന്നാക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്ന് അധ്യാപിക പൊലീസിന് മൊഴി നല്‍കി. തന്നെ മര്‍ദിച്ച് അവശയാക്കിയ ശേഷം, കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായും മൊഴി നല്‍കി. നാട്ടുകാര്‍ ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
സേവാഭാരതിയില്‍ വിളിച്ചുവരുത്തി ഭീഷണി തുടങ്ങിയതോടെ അധ്യാപിക തന്റെ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തുവച്ചിരുന്നു, ഇതി മനസിലാക്കിയ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഇതോടൊപ്പം തന്റെ പക്കലുണ്ടായിരുന്ന 2500 രൂപ, സ്വര്‍ണമാല, എടിഎം കാര്‍ഡ് എന്നിവയും അക്രമികള്‍ മോഷ്ടിച്ചെന്ന് അധ്യാപിക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദന ദൃശ്യങ്ങളെല്ലാം തന്റെ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു.
മര്‍ദ്ദനമേറ്റ് ബോധരഹിതയായ അധ്യാപികയെ, അക്രമികള്‍തന്നെ ബിജെപി പ്രവര്‍ത്തകയുടെ സഹായത്തോടെ ശാന്തിവിള ആശുപത്രിയിലെത്തിച്ചു. കാല്‍തെറ്റി വീണതാണെന്നു പറഞ്ഞശേഷം ആശുപത്രിയില്‍ നിന്നും ഇവര്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം ലോക്കല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഇന്ന് പകല്‍ കല്ലിയൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെപിഎംഎസും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha























