ഹൗസ് ബോട്ടപകടം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എന്ത്?

കേരളത്തിന്റെ തനതു വാസ്തു ശില്പ ശൈലിയില്‍ നിര്‍മ്മിച്ച് ഒരുക്കിയിട്ടുള്ളതാണ് കേരളത്തിലെ കെട്ടു വള്ളങ്ങള്‍. കേരളീയ കായല്‍ ത്തടങ്ങളിലൂടെ, ചുറ്റും നിറയുന്ന ഹരിതാഭ നുകര്‍ന്ന് കേരളീയ ആതിഥ്യമര്യാദയുടെ സ്വാദും ആസ്വദിച്ച് അല്പനാള്‍ ചെലവിടണമെന്ന് ആഗ്രഹിക്കുന്ന സ്വദേശികളും വിദേശീയരും ഒക്കെ ഹൗസ് ബോട്ടില്‍ താമസത്തിനെത്തുന്നത് ഇന്ന് സാധാരണമായ കാഴ്ചയായി കഴിഞ്ഞിരിക്കുന്നു.കോണ്‍ക്രീറ്റ് കാടുകളായി മാറി കൊണ്ടിരിക്കുന്ന നഗരങ്ങളിലെ മടുപ്പിക്കുന്ന യാന്ത്രികതയില്‍ നിന്നും മണ്ണിന്റെ മണവും നിറവും നദിയോരങ്ങളുടെ കുളിര്‍മ്മയും സ്വച്ഛന്ദതയും ആസ്വദിക്കാനെത്തുന്നവരില്‍ നല്ലൊരു പങ്കും അതിനായി തെരഞ്ഞെടുക്കുന്നത് കെട്ടു വള്ളങ്ങളിലെ താമസമാണ്.
എന്നാല്‍ ജല ഗതാഗതത്തിന് എത്രത്തോളം അനുയോജ്യമാണ് നമ്മുടെ കായല്‍-നദീജല തടങ്ങളെന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ആവോ? ഹൗസ്‌ബോട്ട് സംവിധാനം സജ്ജീകരിക്കുമ്പോള്‍ അതിലെ യാത്രക്കാരുടെ/താമസിക്കുന്നവരുടെ സുരക്ഷയ്ക്കായി എന്തൊക്കെ ക്രമീകരിക്കണമെന്ന് നിയമപരമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ അവ എന്താണ്? ഇവയൊക്കെ പാലിക്കപ്പെടുന്നുണ്ടോ എന്ന്് പരിശോധിക്കുന്നതിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കാണുള്ളത്. എന്നൊക്കെ അന്വേഷിക്കാന്‍ വീണ്ടും ഇടയാക്കുന്നതാണ് ഇപ്പോള്‍ നടന്ന ഹൗസ്‌ബോട്ട് അപകടം.
ഇക്കഴിഞ്ഞ ആറു മാസത്തിനിടെ ഹൗസ് ബോട്ട് വ്യവസായ രംഗത്ത് നഷ്ടമായത് 10 ജീവനുകളാണ്. ബോട്ടിന് തീപിടിച്ച 5 സംഭവങ്ങളുണ്ടായിട്ടുണ്ട്. അതില്‍ തന്നെ രണ്ടെണ്ണം യാത്രയിലായിരിക്കുമ്പോഴാണ് . 5 തവണ ബോട്ട് മറിയുകയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ചെറുതും വലുതുമായ 50 ഹൗസ്‌ബോട്ട് അപകടങ്ങളാണ് ജില്ലയില്‍ ഉണ്ടായതെന്നാണ് പറയുന്നത്.
ദിനംപ്രതി ആയിരത്തോളം ഹൗസ് ബോട്ടുകള്‍ സഞ്ചാരം നടത്തുന്ന ആലപ്പുഴയില്‍ ഹൗസ് ബോട്ടിലേയ്ക്ക് കയറുവാനുള്ള സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ്. ആപല്‍ ശങ്കയില്ലാതെ സഞ്ചാരികള്‍ക്ക് ഹൗസ്‌ബോട്ടിലേയ്ക്ക് കയറുവാനും ഇറങ്ങുവാനുമുള്ള സൗകര്യങ്ങള്‍ ഇപ്പോഴും ഇവിടെ ലഭ്യമല്ല. ധാരാളം ഫ്‌ലോട്ടിംഗ് ജെട്ടികള്‍ ലോഞ്ചു ചെയ്തിരുന്നുവെങ്കിലും വളരെ കുറച്ചെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായുള്ളൂ.
300 ഓളം ഹൗസ്‌ബോട്ടുകളാണ് ഇവിടെ സഞ്ചാരികളെ കാത്ത് എപ്പോഴുമുണ്ടാകാറുള്ളത്. ഇക്കഴിഞ്ഞ തിരുവോണദിനത്തില്‍ അവയില്‍ രണ്ടെണ്ണം തീപിടുത്തത്തില്‍ നശിച്ചിരുന്നു. സിംഗിള്‍ ബെഡ് റൂമുള്ള പെന്‍ബോയും മൂന്നു ബെഡ്‌റൂമുള്ള വെനീസുമാണ് തീപിടുത്തത്തില്‍ അകപ്പെട്ടത്. ആ മാസത്തില്‍ തന്നെ രണ്ടു ഹൗസ്‌ബോട്ടുകള്‍ അതിനു മുമ്പ് മറിയുകയുണ്ടായി. അന്ന് സ്വദേശികളായ 51 സഞ്ചാരികളാണ് അദ്ഭൂതകരമായി രക്ഷപ്പെട്ടത്.പെന്‍ബോയുടെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും അതിലെ സ്റ്റാഫ് മദ്യപിച്ചിരുന്നുവെന്നുമാണ് പറയുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 20 ന് നടന്ന ഒരു പോലീസ് റെയ്ഡില്‍ 250 ഹൗസ് ബോട്ടുകളെയാണ് മതിയായ രേഖകള്‍ ഇല്ലാത്തതിന് പിടികൂടിയത്. ഇവയിലൊന്നും സ്ഥിരമായ ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘങ്ങള്‍ ഉണ്ടായിരുന്നില്ല. യാതൊരു നടപടിയും ഇതുവരെയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല. തിരുവോണ ദിനത്തിലെ തീ കെടുത്തിയത് കെ എസ് ആര്‍ടി സിയുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമായിരുന്നു.
2012 ജനുവരിയില്‍ ഹൗസ് ബോട്ട് ഉടമകളുടെ അസോസിയേഷനും ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാരും സംയുക്തമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ഹൗസ് ബോട്ട് യാത്രയുടെ ഫിനിഷിംഗ് പോയിന്റില്‍ ഒരു മിനി ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ആലപ്പുഴയുടെ കായലില്‍ സഞ്ചാരം നടത്തുന്നവയില്‍ 659 ഹൗസ് ബോട്ടുകള്‍ക്കു മാത്രമാണ് ലൈസന്‍സുള്ളത്. ഇതു കൂടാതെ 248 ഷിക്കാരകളും ഇവിടെ യാത്ര നടത്തുന്നുണ്ട്.. ഇവയില്‍ 700 എണ്ണം മാത്രമാണ് സ്റ്റെബിലിറ്റി പരിശോധനയില്‍ വിജയിച്ചിട്ടുള്ളവ. അതു പോലെ ഇവയിലെ ക്രൂ അംഗങ്ങളാകാന്‍ ലൈസന്‍സ് നേടിയിട്ടുളളവര്‍ 5500 പേര്‍ മാത്രമാണെങ്കിലും അതിലും എത്രയോഅധികം പേര്‍ ഈ ബോട്ടുകളില്‍ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്റ്റാഫുകളുടെ ശ്രദ്ധക്കുറവും അലക്ഷ്യമായ പ്രവര്‍ത്തനങ്ങളുമാണ് ഹൗസ്‌ബോട്ടപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
https://www.facebook.com/Malayalivartha























