വിശുദ്ധ പാപങ്ങളില്‍ നിങ്ങള്‍ പെടാതിരിക്കാന്‍; ഓരോ ക്രിസ്ത്യാനിയും വായിച്ചിരിക്കേണ്ടത്...

വെള്ളക്കുപ്പായത്തിലെ പിശാചുഹൃദയര്‍ ഇനിയുമുണ്ടാകാം. സഭയ്ക്കുള്ളില്‍ തിളയ്ക്കുന്ന ലാവ എവിടേക്കൊക്കെ ഒഴുകും. ആരെയൊക്കെ നശിപ്പിക്കും. അശനിപാതംപോലെ വന്നുപെട്ട വിപത്തില്‍ കേരളത്തിലെ കത്തോലിക്കാസഭ കൈകാലിട്ടടിക്കുന്നു. ഇതൊരു വിധിവൈപരീത്യമാണ്. തിരുത്തലുകളും, കൂട്ടിക്കുറയ്ക്കലുകളും സഭയില്‍ അനിവാര്യമാകുന്നു. സമുദായ സംവിധാനത്തില്‍ ഏറെ കെട്ടുറപ്പോടെയാണ് കത്തോലിക്കാസഭ നിലകൊള്ളുന്നത്. മെത്രാനു കീഴില്‍ ഇടവക വികാരിക്ക് സമുദായാംഗങ്ങളില്‍ ഉള്ള സ്ഥാനം വളരെ വലുതാണ്. സ്ത്രീകളെയും കുട്ടികളെയുമടക്കം ആബാലവൃദ്ധം സമുദായാംഗങ്ങളെയും തന്റെ നിയന്ത്രണത്തിനു കീഴില്‍ തളച്ചിടാന്‍ ഇടവക വികാരിക്കു സ്വാധീനമുണ്ട്. ഇതിനിടയില്‍ ഒറ്റപ്പെട്ട അപശബ്ദങ്ങളുണ്ടാകുമെങ്കിലും ഈ ചട്ടക്കൂടിനു പുറത്തേക്ക് കടക്കുക സാധ്യമല്ല.
ഇന്ന് ചട്ടക്കൂടുകള്‍ തകര്‍ത്തെറിയപ്പെടുന്നു. സഭ തെരുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെത്തേടി വേട്ടക്കാര്‍ ചുറ്റും. ഹൃദയവിശുദ്ധിയുള്ളവര്‍ പോലും തലകുമ്പിട്ട് എന്തു ചെയ്യണമെന്നറിയാതെ പരസ്പരം പഴി പറയുന്നു. പാര പണിയുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ സ്വത്വബോധത്തോടെ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്ന സഭയ്ക്കിതു ക്രൂശിതകാലം. വിശുദ്ധിയും ത്യാഗവും ചോദ്യം ചെയ്യപ്പെടുന്നു. ബിഷപ്പിനു നേര്‍ക്കുപോലും കൈവിരലുകള്‍ ചൂണ്ടപ്പെടുന്നു. തോമാശ്ലീഹായെപ്പോലെ തൊട്ടുനോക്കിയാലെ ഞാന്‍ വിശ്വസിക്കൂ എന്നുപറയുന്ന ക്രിസ്ത്യാനിക്കൂട്ടംതന്നെ പടരുന്ന അപസര്‍പ്പകകഥകളില്‍ അസ്വസ്ഥരായി തുടരുന്നു. ഇതൊരു തുടക്കമാവട്ടെ. തിരുത്തലുകള്‍ക്കും, പൊളിച്ചെഴുത്തുകള്‍ക്കും. 2000 വര്‍ഷം പഴക്കമുള്ള വിശ്വാസങ്ങളെയല്ല; പൊള്ളയായ ചില സഭാ നടപടികളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
ഇടവക വികാരിയുടെ അമിതാധികാരം സഭ പുനര്‍വിചിന്തനത്തിനു വയ്ക്കണം. രഹസ്യകുമ്പസാരം ഏറ്റവും വിശുദ്ധമായി കരുതുന്ന സഭാസമൂഹം, പക്ഷേ വിരലിലെണ്ണാവുന്ന പുഴുക്കുത്തുകള്‍ക്ക് ജീര്‍ണ്ണത പകരാനുള്ള മറയായി മാറുന്നുണ്ടോ? കുടുംബത്തിലെ പ്രശ്നങ്ങളും, അവിഹിതങ്ങളും കുമ്പസാരത്തിലൂടെ റോബിനെപ്പോലുള്ളവര്‍ക്കു വിത്തുവിതയ്ക്കാനുള്ള വേദിയായി മാറുന്നുണ്ടോ? നിരവധി അച്ഛ•ാരെക്കുറിച്ചുള്ള വേണ്ടാതീനങ്ങള്‍ അണിയറയില്‍ അപശബ്ദമായി മുഴങ്ങുന്നുണ്ട്. പൊട്ടിയൊലിക്കുന്ന ഇത്തരം വൃത്തികേടുകള്‍ നമ്മള്‍ കൊട്ടിയടയ്ക്കണ്ടേ? വിശുദ്ധപാപങ്ങള്‍ ഇനിയുമാവര്‍ത്തിക്കപ്പെടരുത്. വൈദികരുടെ ലൈംഗിക അരാജകത്വം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അവരും മനുഷ്യരാണ്. ലോകം ഒരുപാടുമാറി. ഫേസ്ബുക്കും വാട്സ് ആപുമൊക്കെ അവരുടെ ജീവിതത്തെയും സ്വാധീനിക്കും.
കല്യാണപ്പെണ്ണിനു വിശ്വാസത്തെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചും അടച്ചിട്ട മുറിയില്‍ വികാരിയുടെ കൗണ്‍സിലിംഗിന് കുട്ടികളെ ഇനി ഒറ്റയ്ക്കു പറഞ്ഞുവിടരുത്. കൂടെ കരുതലോടെ മാതാവുണ്ടാകണം, അല്ലെങ്കില്‍ ഉറ്റവരായ മറ്റാരെങ്കിലും. വൈദികരെ പള്ളിമേടയില്‍ പോയി കണ്ട് സങ്കടം പറയുന്ന, ഭര്‍ത്താവിന്റെ ദുര്‍ന്നടപ്പ് പറയുന്ന, പ്രശ്നങ്ങള്‍ പറയുന്ന ഒരുപാടു സ്ത്രീകളുണ്ട്. സന്ദര്‍ശന സമയങ്ങളില്‍ വൈദികനുള്ളിലെ പുരുഷനെ, തിരിച്ചറിയുക. യാത്രകള്‍ ഒറ്റയ്ക്കാവാതെ നോക്കുക. വൈദികവൃത്തിക്ക് ബ്രഹ്മചര്യം അനിവാര്യമാണെങ്കില്‍ അതിനു കഴിയാത്ത വൈദികരെ സഭയില്‍നിന്നു സന്തോഷപൂര്‍വ്വം പറഞ്ഞയയ്ക്കുക.
ഭക്തി ഭ്രാന്താവാതെ വിവേകം നഷ്ടമാകാതെ നോക്കുക. വൈദികര്‍ക്ക് വിവാഹം കഴിക്കാനുള്ള അനുവാദം നല്കുന്നതില്‍ സഭ സജീവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മെത്രാന്‍ തലത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് മാര്‍പാപ്പയെ ബോധ്യപ്പെടുത്താന്‍ കഴിയണം. നന്മ മാത്രം നിറഞ്ഞ അനേകം വൈദികരും, കന്യാസ്ത്രീകളുമുണ്ട് നമുക്കിടയില്‍. അവരുടെ വിശുദ്ധ കര്‍മ്മങ്ങള്‍ സമൂഹത്തിനിനിയും നന്മയുടെ നേര്‍വഴിയൊരുക്കണം. വിശുദ്ധ പാപങ്ങള്‍ വെറുക്കപ്പെടുന്നതുപോലെ വിശുദ്ധ കര്‍മ്മങ്ങള്‍ നമ്മുടെ ഹൃദയങ്ങളെ കീഴടക്കണം. നിങ്ങളുടെ വിശുദ്ധിയില്‍ ആ നേരില്‍ ചിലപ്പോള്‍ ചില കള്ളനാണയങ്ങള്‍ കടന്നുകൂടിയെന്നുവരാം. അവര്‍ക്കിടയില്‍പെട്ട് നിങ്ങളും മലീമസമാകും. ചട്ടങ്ങളെ മാറ്റണം. കൂട്ടത്തിലൊരുത്തന്‍ ക്രിമിനലാണെന്നു തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോകും. സ്‌നേഹബന്ധങ്ങള്‍ക്കിടയില്‍ നിങ്ങളും പെട്ടുപോകും. പൊളിച്ചെഴുത്തലുകള്‍ക്ക് സഭ തയ്യാറാകണം.
https://www.facebook.com/Malayalivartha























