ചില കൂട്ടുകെട്ടുകളില്‍ നിന്നും ഒഴിവായിരുന്നെങ്കില്‍ മണിയ്ക്ക് ഈ അത്യാഹിതം സംഭവിക്കില്ലായിരുന്നു: പിണറായി വിജയന്‍

ചില ശീലങ്ങളില്‍ നിന്ന് മാറി നിന്നിരുന്നെങ്കില്‍ കലാഭവന്‍ മണി ചെറിയ പ്രായത്തില്‍ മരിക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിട്ടയായ ജീവിതവും ചില കൂട്ടുക്കെട്ടില്‍ നിന്നുള്ള ഒഴിവാകലും ഉണ്ടായിരുന്നെങ്കില്‍ ഈ അത്യാഹിതം മണിക്ക് സംഭവിക്കില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ മണിയെ എത്രയോ കാലത്തേക്ക് നമുക്ക് കിട്ടിയേനെ എന്നും പിണറായി പറഞ്ഞു.
എന്നും സാധാരണക്കാരനായി ജീവിച്ചിരുന്ന വ്യക്തിയായിരുന്നു മണി. ജനങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് തന്റെ താരപരിവേഷത്തിന് നല്ലതെന്ന് കരുതുന്ന ദന്തഗോപുര വാസികളായ ധാരാളം കലാകാരന്മാരുണ്ട്. അവരില്‍ നിന്നൊക്കെ എത്ര വ്യത്യസ്തനായിരുന്നു മണിയെന്ന് നാം ഓര്‍മിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ ബന്ധുക്കള്‍ നിരാഹാര സമരം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ ഭാര്യയും മകളും അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തില്ല. മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല.
https://www.facebook.com/Malayalivartha























