നടിയെ ആക്രമിച്ച ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ പള്‍സര്‍ സുനി സമീപിച്ച അഭിഭാഷകനും ഭാര്യയും കേസില്‍ സാക്ഷികളാകും

നടിയെ ആക്രമിച്ച ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ പള്‍സര്‍ സുനി സമീപിച്ച അഭിഭാഷകനും ഭാര്യയും കേസില്‍ സാക്ഷികളാകും. ഇത് കേസില്‍ ഏറെ സഹായിക്കുമെന്നാണ് പോലീസ് കരുതുന്നത്. നടിയെ ആക്രമിച്ചതിനു പിറ്റേന്നു രാത്രിയാണ് ആലുവയിലെ അഭിഭാഷകനെ സമീപിച്ചു സുനില്‍കുമാര്‍, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ വക്കാലത്ത് ഒപ്പിട്ടു നല്‍കിയത്. ഫോണ്‍, മെമ്മറി കാര്‍ഡ്, വിജീഷിന്റെ പാസ്‌പോര്‍ട്ട് എന്നിവയും ഏല്‍പിച്ചു.
അഭിഭാഷകനെ പള്‍സര്‍ സുനി ഏല്‍പിച്ച മെമ്മറി കാര്‍ഡ് കോടതി മുഖേന പോലീസ് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. നടിയെ ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്ന സൂചന ലാബ് അധികൃതര്‍ പോലീസിനു നല്‍കിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിച്ചാലുടന്‍ അഭിഭാഷക ദമ്പതികളില്‍ നിന്നു പൊലീസ് മൊഴിയെടുക്കും. അതേസമയം, പൊലീസിന്റെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടും എന്നുറപ്പായതിനാല്‍ ഈ കേസിലെ പ്രതികളില്‍ ആരുടെയും വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. പ്രതികള്‍ അഭിഭാഷകനെ കണ്ടു തെളിവുകള്‍ കൈമാറിയ സമയത്ത് അഭിഭാഷകയായ ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാലാണ് ഇരുവരും സാക്ഷികളാകാന്‍ സാധ്യത തെളിഞ്ഞത്.
എന്നാല്‍, മെമ്മറി കാര്‍ഡില്‍ നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ, അഭിഭാഷകന്‍ ഇതു കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. പോലീസിന്റെ സമ്മര്‍ദവും കാരണമായി. കേസില്‍ ആദ്യം അറസ്റ്റിലായ ഡ്രൈവര്‍ മാര്‍ട്ടിന്റെ കുടുംബവുമായി മുന്‍പരിചയം ഉണ്ടായിരുന്നതിനാല്‍ മാര്‍ട്ടിനു വേണ്ടി ഹാജരാകാന്‍ ഇദ്ദേഹത്തെ വീട്ടുകാര്‍ സമീപിച്ചിരുന്നു. മാര്‍ട്ടിനു വേണ്ടി അപ്പിയറന്‍സ് മെമ്മോ കോടതിയില്‍ നല്‍കുകയും ചെയ്തു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ മാര്‍ട്ടിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























