പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം പോലീസ് ഒതുക്കി

അയല്‍വാസി വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം ബാഹ്യസമ്മര്‍ദ്ദത്താല്‍ പോലീസ് ഒതുക്കിയെന്ന പരാതിയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രംഗത്ത്. സംഭവംനടന്നു മാസങ്ങള്‍ക്കുശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ വിവാദമായ സംഭവത്തില്‍ പ്രതി അറസ്റ്റിലായെങ്കിലും പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പരാതി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ആലപ്പുഴ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കുമാണു ലഭിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ അയല്‍വാസിയായ യുവാവ് കത്തികഴുത്തില്‍വച്ചു ഭയപ്പെടുത്തിയശേഷം പീഡിപ്പിച്ചെന്നാണു പതിനാറുകാരിയുടെ പരാതി. 2016 മേയ് രണ്ടിനായിരുന്നു സംഭവം. തുടര്‍ന്ന് കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ സംഭവം മൂടിവയ്ക്കാന്‍ പലരും സമ്മര്‍ദവുമായി കുട്ടിയുടെ കുടുംബാംഗങ്ങളെ സമീപിച്ചു.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാണു ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് അവര്‍ ആശുപത്രിയില്‍ വിവരം നല്‍കിയത്. ഡിസ്ചാര്‍ജ് ചെയ്തശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി അയല്‍ക്കാരിയായ ഒരു സ്ത്രീയോട് വിവരങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ പോലീസിനെ അറിയിച്ചു. വനിതാ പോലീസ് മൊഴിയെടുത്തു. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കളുടെയും സമുദായ നേതാക്കളുടെയും താല്‍പര്യപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തു.
പ്രായപൂര്‍ത്തിയായശേഷം ആരോപണവിധേയനെക്കൊണ്ടു പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിക്കാമെന്നായിരുന്നു ഒത്തുതീര്‍പ്പ് ധാരണ. അങ്ങനെ കേസെടുക്കാതെ പ്രശ്‌നം തല്‍ക്കാലത്തേക്കു തീര്‍ത്തു. അടുത്തിടെ ആരോപണ വിധേയനായ ആള്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലായി നാടുവിട്ടതോടെ പെണ്‍കുട്ടി വീണ്ടും കൈഞരമ്പു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞമാസം ആറിനായിരുന്നു സംഭവം. ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ചികിത്സയ്ക്കുശേഷം തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചതോടെ പ്രതിയെ അറസ്റ്റു ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. സംഭവം നടന്നു ഒമ്പതുമാസത്തിനുശേഷമാണ് അറസ്റ്റുണ്ടായത്. പീഡനം മൂടിവയ്ക്കാനിടയായ സാഹചര്യം വിവരിച്ചാണ് നാലുപേജുള്ള പരാതി പെണ്‍കുട്ടി കഴിഞ്ഞ ആറിനു നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസം കുറവുള്ള മത്സ്യത്തൊഴിലാളികളായ മാതാപിതാക്കളെ പോലീസും മറ്റ് ചിലരും ചേര്‍ന്ന് സമ്മര്‍ദം ചെലുത്തി നിശബ്ദരാക്കുകയായിരുന്നെന്ന വിമര്‍ശനമാണ് ഉയരുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരം കേസെടുക്കേണ്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചതുകടുത്ത നിയമലംഘനമാണെന്നു നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























