മിഷേലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിച്ച ശേഷം ഗോശ്രീ പാലത്തിലേക്ക് പോകുന്ന മിഷേലിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഏഴു സിസിടിവി ക്യാമറകളില്‍നിന്നു പോലീസ് ശേഖരിച്ച ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിനു കൈമാറി. 5.45 ഓടെ കലൂര്‍ പള്ളിക്കു മുന്നിലെ റോഡിലെത്തിയെന്നാണു പോലീസ് നിഗമനം. പള്ളിയില്‍ 20 മിനിറ്റോളം ചിലവഴിച്ചു. പിന്നീട് കുരിശുപള്ളിക്ക് മുന്നിലെത്തി പ്രാര്‍ഥിച്ച് മടങ്ങുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡിലേക്കിറങ്ങിയ മിഷേല്‍ ആദ്യം ഇടതു ഭാഗത്തേക്ക് പോകുകയും പിന്നീട് തിരികെ വലതു ഭാഗത്തേക്കു പോകുകയും ചെയ്തു.
തിരിച്ചുവരുമ്പോൾ മിഷേല്‍ കയ്യിലുള്ള ബാഗ് തുറന്നടയ്ക്കുന്നുണ്ട്. എന്തെങ്കിലും വാങ്ങിയതാവാം അല്ലെങ്കില്‍ ആരെയെങ്കിലും കണ്ടു ഭയന്നതാകാമെന്നും സംശയിക്കുന്നു. മിഷേല്‍ ഗോശ്രീ പാലത്തിനു സമീപത്തേക്കു അതിവേഗത്തില്‍ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യം ഇന്നലെ പോലീസിനു ലഭിച്ചിരുന്നു. മിഷേല്‍ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതിന്റെ മറ്റൊരിടത്തുനിന്നുള്ള ദൃശ്യവും പുറത്തുവന്നിരുന്നു. ഹൈക്കോടതി ജങ്ഷനിലുള്ള ഫ്‌ലാറ്റ് സമുച്ചയത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു ഇത്. മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























