പോലീസിന്റെ അനാസ്ഥ ഡിജിപിക്ക് പാരയാകുന്നു: ബഹ്‌റക്ക് ശനിദശ

പോലീസിന്റെ ഭാഗത്ത് നിന്ന് വിവിധ കേസന്വേഷണങ്ങളില്‍ വീഴ്ച പതിവായ സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയെ മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. മലപ്പുറം ഉപതെരഞ്ഞടുപ്പിനു ശേഷം മതി നടപടി എന്നാണ് പിണറായിയുടെ മനസിലുള്ളത്.
കൊടിഞ്ഞി ഫൈസല്‍വധം ,നടിയെ പീഡിപ്പിക്കല്‍, ജിഷ്ണുവിന്റെ മരണം, ശിവസേനയുടെ സദാചാര പോലീസ്, വാളയാര്‍ സംഭവം, മിഷേലിന്റെ മരണം, കുണ്ടറ സംഭവം തുടങ്ങിയ വിഷയങ്ങളില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയും സംഭവിക്കുന്നു. ഏറ്റവും ഒടുവില്‍ ഓപ്പറേഷന്‍ കുബേര കേസ് ഒതുക്കി തീര്‍ത്തതിന് എറണാകുളത്ത് ഒരു സി ഐ യെ സസ്‌പെന്റ് ചെയ്തു.
ജോലിക്ക് യോഗ്യനല്ലെന്ന് പറഞ്ഞ് സെന്‍കുമാറിനെ നീക്കിയാണ് ബഹ്‌റയെ പോലീസ് മേധാവിയാക്കിയത്. എന്നും രാവിലെ തനിക്ക് പോലീസുകാരെ സസ്‌പെന്റ് ചെയ്യാനാണ് നേരമെന്ന് മുഖ്യമന്ത്രി തുറന്നു പറയുന്നു.
സ്‌റ്റേഷനുകളില്‍ നടക്കുന്നത് രാഷ്ട്രീയവത്കരണമാണെന്നും ആരോപണമുണ്ട്.പോലീസുദ്യോഗസ്ഥര്‍ പരസ്യമായി ചേരി തിരിയുന്നു.ചിലര്‍ക്ക് എല്ലാ ദിവസവും ഒരു പുലിവാല്‍ ഉണ്ടാക്കണമെന്ന് വാശിയുണ്ട്.
പോലീസ് അസോസിയേഷന്‍ രണ്ട് പക്ഷമായി നില്‍ക്കുന്നു. സ്‌റ്റേഷന്‍ ഭരിക്കുന്നത് അസോസിയേഷനാണ്.ഇടതുപക്ഷ വിശ്വാസികള്‍ അല്ലാത്ത ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ മടിക്കുന്നു. ഭരണം മാറിയപ്പോള്‍ സര്‍ക്കാര്‍ നടത്തിയ സ്ഥലം മാറ്റങ്ങള്‍ വിവാദമാകുകയും ചെയ്തു.
കൊച്ചിയില്‍ സി പി എം നേതാവ് സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്തയുടനെ ഐ.ജി, എസ്.ശ്രീജിത്തിനെ മാറ്റിയതോടെ പോലീസിനുള്ളില്‍ ഭയം തുടങ്ങി. പാര്‍ട്ടിക്കാരെ തൊട്ടാല്‍ തെറിക്കും എന്ന വിശ്വാസം ബലപ്പെട്ടു.
സര്‍ക്കാര്‍ ശ്രദ്ധിക്കാത്ത മറ്റൊരു പ്രധാന സംഭവം, സുപ്രീം കോടതിയിലുള്ള സെന്‍കുമാറിന്റെ കേസാണ്. കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്ന പശ്ചാത്തലത്തില്‍ അതിന്റെ പേരില്‍ സെന്‍കുമാറിനെ മാറ്റിയ നടപടി സുപ്രീം കോടതി അംഗീകരിക്കണമെന്നില്ല.
https://www.facebook.com/Malayalivartha


























