കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യം കൂടി: ഷാജുവിന് വൃക്ക നല്‍കാന്‍ സിസ്റ്റര്‍ മെറിന്‍ തയാറെടുക്കുന്നു

രണ്ടെണ്ണമുള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കട്ടെ യേശുവിന്റെ ഉപദേശം ശിരസാ വഹിച്ചൊരു സിസ്റ്റര്‍ മാതൃകയാകുന്നു. മുന്നോട്ട് ജീവിക്കണമെങ്കില്‍ വൃക്ക മാറ്റിവയ്ക്കലല്ലാതെ ഇനി വഴിയില്ല. ഡോക്ടര്‍മാര്‍ തീര്‍പ്പുകല്‍പ്പിച്ചപ്പോള്‍ ഷാജുവിന് പകച്ചു നില്‍ക്കുവാനേ കഴിഞ്ഞുള്ളൂ. കാരണം സാധാരണ ചികിത്സയ്ക്കു പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കൊല്ലം നിലമേല്‍ ആഴാന്തക്കുഴിതോട്ടത്തില്‍ വീട്ടില്‍ ഷാജുവിനും കുടുംബത്തിനും മുന്നില്‍ അത് വലിയൊരു വെല്ലുവിളിയായിരിന്നു.
മുന്നോട്ട് എങ്ങനെയെന്ന്! ചിന്തിച്ച് വേദനയില്‍ കഴിഞ്ഞ ഷാജുവിന്റെ കുടുംബത്തിന് മുന്നില്‍ കാരുണ്യത്തിന്റെ ആള്‍രൂപമായി സിസ്റ്റര്‍ മെറിന്‍ പോള്‍ അവതരിക്കുകയായിരിന്നു. പതിനേഴു വര്‍ഷമായി വൃക്ക രോഗത്തോടു പോരാടുന്ന യുവാവിനു വൃക്ക നല്‍കുവാന്‍ തയാറാണെന്ന് സിസ്റ്റര്‍ മെറിന്‍ അറിയിച്ചു.
ഹോളി ഫാമിലി സന്യാസസമൂഹാംഗമായ സിസ്റ്റര്‍ മെറിന്‍ പോള്‍ തൃശൂര്‍ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സായി സേവനം ചെയ്തു വരികെയാണ് ശക്തമായ തീരുമാനം കൈകൊണ്ടത്. സിസ്റ്ററിനു വൃക്കദാനത്തിനു കരുണയുടെ വര്‍ഷത്തില്‍ മേലധികാരികള്‍ അനുമതി നല്കി. വൃക്കദാതാവായ ഫാ. ഡേവിസ് ചിറമ്മല്‍ നയിക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുഖേനയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ഏപ്രില്‍ അഞ്ചിന് സിസ്റ്റര്‍ മെറിന്റെ വൃക്ക ഷാജുവിനു നല്‍കും. അവയവമാറ്റത്തിനു മുന്നോടിയായുള്ള നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി. രോഗം ബാധിച്ച് ഒരു വൃക്ക നേരത്തേ നീക്കം ചെയ്തിരുന്ന ഷാജുവിന് അടുത്ത വൃക്കയും തകരാറിലായതോടെയാണു ജീവിതം വഴിമുട്ടിയത്.
രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷകളും അസ്തമിച്ചു തുടങ്ങിയപ്പോഴാണ് മാലാഖയെ പോലെ സിസ്റ്റര്‍ മെറിന്‍ പോള്‍ അവതരിച്ചത്. വ്യക്തിപരമായ ത്യാഗത്തിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കണമെന്നും സമൂഹത്തിനു നന്മ ചെയ്യണമെന്നതും കുറേക്കാലമായുള്ള ആഗ്രഹമാണെന്ന്! സിസ്റ്റര്‍ പറയുന്നു.
മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യമാണ് സിസ്റ്റര്‍ മെറിന്‍ ലോകത്തിന് നല്‍കുന്നത്. കരുണയുടെ ഇത്തിരിവെട്ടം ലോകത്തിനു പകര്‍ന്നു നല്‍കിയാല്‍ ജീവിതം ധന്യമാകുമെന്നും സിസ്റ്റര്‍ മെറിന്‍ പറയുന്നു.
https://www.facebook.com/Malayalivartha























