വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി; ലോക്‌നാഥ് ബെഹ്‌റയ്ക്ക് ചുമതല

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി. സംസ്ഥാന പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ അധിക ചുമതല. മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടി.പി. ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, മുന്‍ ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാറ്ററി, ബാര്‍ കേസുകള്‍ എന്നിവയില്‍ ജേക്കബ് തോമസ് കര്‍ശന നിലപാടെടുത്ത സാഹചര്യത്തില്‍ അവധിയില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തെന്ന് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി. ഉബൈദ് കഴിഞ്ഞയാഴ്ച വാക്കാല്‍ ചോദിച്ചിരുന്നു. ബന്ധുനിയമനം, ബാര്‍ കോഴ, ലാവലിന്‍ തുടങ്ങിയ കേസുകള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരുന്നത് അഭികാമ്യമല്ലെന്ന് സിപിഎം വിലയിരുത്തിയെന്നും ഉടനെ അദ്ദേഹത്ത മാറ്റണമെന്നത് രാഷ്ട്രീയ തീരുമാനമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ 13(1)ഡി വകുപ്പാണ് ചുമത്തിയിട്ടുള്ളത്. അഴിമതി നടത്തിയെന്ന വിലയിരുത്തലിലുള്ള നടപടികള്‍ സംബന്ധിച്ചതാണ് ഈ വകുപ്പ്. ഇതിനു പകരം അഴിമതി നിരോധന നിയമത്തിലെ 15-ാം വകുപ്പു പ്രകാരമുള്ളതാക്കണം ജയരാജനെതിരെയുള്ള വിജിലന്‍സ് നിലപാടെന്ന് ജേക്കബ് തോമസിനോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അഴിമതി ചെയ്യാന്‍ ഉദ്ദേശിച്ചുവെന്നു മാത്രം വിലയിരുത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പ്. കേസിലെ തെളിവുകള്‍ പരിഗണിക്കുമ്പോള്‍, അത്തരത്തില്‍ വകുപ്പു മാറ്റാന്‍ സാധിക്കില്ലെന്ന് ജേക്കബ് തോമസ് നിലപാടെടുത്തു.
പൊതുജനാഭിപ്രായം വിജിലന്‍സിന് എതിരാണെന്നതാണ് ഡയറക്ടറെ മാറ്റുന്നതു സംബന്ധിച്ച് ഔദ്യോഗിക നിലപാടെന്നാണ് സൂചന. ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കിയാണത്രേ ഈ നിലപാട്. എന്നാല്‍, അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകളും നടപടികളും മാത്രമാണ് തന്റെ വകുപ്പിന്റേതെന്നും ഒരു ജഡ്ജി മാത്രമാണ് വിമര്‍ശനമുന്നയിക്കുന്നതെന്നും ജേക്കബ് തോമസ് വിശദീകരിച്ചെങ്കിലും സ്ഥാനമൊഴിയാതെ പറ്റില്ലെന്ന് പാര്‍ട്ടിയും മുഖ്യമന്ത്രിയും ഉറച്ച നിലപാടെടുത്തുവത്രേ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും പിന്നാലെയാണ് ജേക്കബ് തോമസിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായതെന്നാണ് സൂചന.
https://www.facebook.com/Malayalivartha























