ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ പേരിലുള്ള പട്ടയത്തിന്റെ തീയതിയിലും സീലിലും പൊരുത്തക്കേടുകള്‍, സര്‍വേ നമ്പറില്‍ തിരുത്തലുകള്‍

ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ പേരിലുള്ള പട്ടയത്തിന്റെ തീയതിയിലും സീലിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. സര്‍വേ നമ്പറില്‍ തിരുത്തലുകളുണ്ട്. രാജേന്ദ്രന്‍ വീടു വച്ചിരിക്കുന്ന ഭൂമിയും പട്ടയം ലഭിച്ച ഭൂമിയും രണ്ടും രണ്ടാണെന്നും രേഖകള്‍.
2001 ഡിസംബര്‍ അഞ്ചിന് അനുവദിച്ചെന്നാണ് രാജേന്ദ്രന്റെ കൈയിലെ പട്ടയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടയത്തിന്റെ വലതുഭാഗത്ത് ദേവികുളം തഹസില്‍ദാരുടെ ഒപ്പിനു തഴെയാണു തീയതി. പട്ടയത്തിന്റെ ഇടതുഭാഗത്ത് തീയതി രേഖപ്പെടുത്താനുള്ള കോളത്തില്‍ 2001 മേയ് മാസം എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
തഹസില്‍ദാരുടെ ഓഫിസ് സീലിലും തഹസില്‍ദാരുടെ പേരിലുള്ള സീലിലും ദേവികുളം എന്ന സ്ഥലപ്പേരിലെ അക്ഷരത്തിന് മാറ്റമുണ്ട്. സര്‍വേ നമ്പര്‍ 843 എന്നാണു പട്ടയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എട്ട് എന്ന അക്കത്തില്‍ തിരുത്തലുകളുണ്ട്. രാജേന്ദ്രന്റെ പിതാവിന്റെ പേരിലെ ഒരു അക്ഷരത്തിലും തിരുത്തലുണ്ട്.
കെഡിഎച്ച് വില്ലേജിലെ സര്‍വേ നമ്പര്‍ 843ലുള്ള എട്ട് സെന്റ് സ്ഥലത്തിനാണ് പട്ടയം അനുവദിച്ചിരിക്കുന്നതെന്നാണു രാജേന്ദ്രന്റെ അവകാശവാദം. എന്നാല്‍ രാജേന്ദ്രന്‍ വീടു വച്ചത് സര്‍വേ നമ്പര്‍ 62/9ല്‍ പെട്ട സ്ഥലത്താണ്. സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫിസിനു തൊട്ടടുത്തുള്ള ഈ സ്ഥലം കെഎസ്ഇബിയുടേതാണ്.
രാജേന്ദ്രന്റെ പട്ടയത്തില്‍ അതിരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതിലും ചില വ്യത്യാസങ്ങളുണ്ട്. പട്ടയത്തില്‍ മൂന്ന് അതിരുകളിലും സര്‍ക്കാര്‍ഭൂമിയും വടക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലവുമെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. വീടു നിര്‍മിക്കാന്‍ എന്‍ഒസി നല്‍കണമെന്നാവശ്യപ്പെട്ട് ജനുവരി ആദ്യവാരത്തില്‍ എസ്. രാജേന്ദ്രന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
അപേക്ഷയില്‍ പട്ടയ സ്ഥലത്തിന്റെ അതിരുകളും വ്യത്യസ്തമാണ്. രണ്ടു ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയും കിഴക്ക് സര്‍ക്കാര്‍ സ്ഥലവും പടിഞ്ഞാറ് കെഎസ്ഇബി സ്ഥലവുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 40 വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാന്‍ അനുവദിക്കണമെന്നു കാണിച്ചാണു രാജേന്ദ്രന്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം, രാജേന്ദ്രന്റെ പട്ടയസ്ഥലത്ത് ഒരു ഷെഡ് മാത്രമാണുള്ളതെന്നും അതിന് പഞ്ചായത്ത് നമ്പരുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അങ്ങനെയാണെങ്കില്‍ വീട് ഷെഡായതെങ്ങനെയെന്നും അതിരുകളില്‍ മാറ്റമുണ്ടായതെങ്ങനെയെന്നുമുള്ള സംശയം നിലനില്‍ക്കുകയാണ്. പട്ടയത്തിലൂടെ സമ്പാദിച്ച വസ്തു മറിച്ചുവിറ്റ രാജേന്ദ്രന്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയതാണെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha























