ജേക്കബ് തോമസ് എങ്ങനെ തത്തയായി?

ജേക്കബ് തോമസിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംഎല്‍എ യാണ് ആദ്യമായി തത്തപ്രയോഗം നടത്തിയത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഈ പ്രയോഗം ആവര്‍ത്തിച്ചു. നിയമസഭയില്‍ വിജിലന്‍സിനെതിരെ എന്തു പറയുമ്പോഴും കൂട്ടിലടച്ച തത്ത കടന്നെത്തി. പലരും പല അര്‍ഥത്തിലാണതു പറഞ്ഞതെന്നു മാത്രം. കൂട്ടിലടച്ച തത്ത എന്നു പറയുമ്പോള്‍ പലര്‍ക്കും സ്വാതന്ത്ര്യമില്ലാത്ത പക്ഷി എന്നായിരുന്നു അര്‍ഥം.
ഇ.പി. ജയരാജന്റെ ബന്ധുനിയമന വിവാദം വന്നപ്പോള്‍ വിജിലന്‍സ് സര്‍ക്കാരിനാല്‍ നിയന്ത്രിക്കപ്പെടുന്നു എന്ന അര്‍ഥത്തിലാണ് ഇതു പ്രയോഗിച്ചത്. മറ്റു ചിലപ്പോള്‍ യജമാനന്‍ പറയുന്നത് ഏറ്റുപറയുക മാത്രം ചെയ്യുന്നു എന്ന അര്‍ഥമായി. ആദ്യത്തേതില്‍ ചിറകടിക്കാന്‍ പറ്റാത്ത പാവം തത്ത, രണ്ടാമത്തേതില്‍ ചിറകടിക്കുകയേ വേണ്ടാത്ത അടിമത്തത്ത. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും തത്തയുണ്ടായിരുന്നു.
2013 ഡിസംബറില്‍ ഇന്നത്തെ മന്ത്രി വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ അന്നത്തെ വിജിലന്‍സിനെപ്പറ്റി നിയമസഭയില്‍ പറഞ്ഞതു കേള്‍ക്കണം: വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ല, കാക്കാലന്റെ കയ്യിലെ കുരങ്ങാണ്. ആടിക്കളിക്കെടാ കുഞ്ചിരാമാ എന്നു പറഞ്ഞാല്‍ ആടും. ചാടിക്കളിക്കെടാ എന്നു പറഞ്ഞാല്‍ ചാടും. ചാഞ്ചാടാന്‍ പറഞ്ഞാല്‍ ചാഞ്ചാടും. ചത്തപോലെ കിടക്കെടാ എന്നു പറഞ്ഞാല്‍ ചത്തപോലെ കിടക്കും.
എന്നാല്‍ സുപ്രീം കോടതിയാണ് ഈ പ്രയോഗം ആദ്യമായി പറഞ്ഞത്. സിബിഐയെപ്പറ്റി. 2013 മേയ് എട്ടിനു കല്‍ക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തത്തപ്രയോഗം. കൂട്ടിലടച്ച തത്തയെപ്പോലെ സിബിഐ യജമാനനായ കേന്ദ്രസര്‍ക്കാരിന്റെ വാക്കു മാത്രം ഏറ്റുചൊല്ലുന്നു എന്നായിരുന്നു വിമര്‍ശനം. ഇതു വലിയ വിവാദമായി.
അന്നു സുപ്രീം കോടതി പറത്തിവിട്ട ആ തത്തയെ കേരളത്തിന്റെ സാഹചര്യത്തിലേക്കു പറിച്ചുനട്ടപ്പോഴാണ് അതു വിജിലന്‍സിന്റെ തലയിലിരുന്നത്. 2013 ഡിസംബറില്‍ വിജിലന്‍സ് വകുപ്പിന്റെ ജൂബിലി ആഘോഷത്തില്‍ മുഖ്യ വിവരാവകാശ കമ്മിഷണറായി വിരമിച്ച മുന്‍ എഡിജിപി സിബി മാത്യൂസ് തന്നെ പറഞ്ഞു, വിജിലന്‍സ് കൂട്ടിലടച്ച തത്തയായിരുന്നെന്ന്. അതു പക്ഷേ, വിജിലന്‍സിനു പ്രവര്‍ത്തന സ്വാതന്ത്ര്യം കുറവാണെന്ന അര്‍ഥത്തിലായിരുന്നെന്നു മാത്രം.
https://www.facebook.com/Malayalivartha























