ലാഭകരമല്ലാത്ത റൂട്ടുകള്‍ നിര്‍ത്തലാക്കില്ല; ജനത്തിന് സന്തോഷം നല്‍കുന്ന കോര്‍പ്പറേഷനാക്കി കെ.എസ്. ആര്‍.ടി.സിയെ മാറ്റുമെന്ന് മന്ത്രി തോമസ് ചാണ്ടി

ലാഭകരമല്ലാത്ത കെ.എസ്. ആര്‍.ടി.സി ബസ് റൂട്ടുകള്‍ നിര്‍ത്തലാക്കില്ലെന്ന് പുതിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി. പ്രസ് ക്ലബിന്റെ മുഖാമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്. ആര്‍.ടി.സിയെ എങ്ങനെ ലാഭത്തില്‍ കൊണ്ടുവരാം എന്നതാണ് തന്റെ ലക്ഷ്യം. എന്റെ നാട്ടില്‍ രണ്ട് പ്രൈവറ്റ് ബസുണ്ടായിരുന്നയാള്‍ക്ക് ഇപ്പോള്‍ എട്ട് ബസായി. അതെങ്ങനെ കഴിഞ്ഞുവെന്ന അനുഭവം മുന്നിലുണ്ട്.
റൂട്ടുകള്‍ നിര്‍ത്തുന്നതിനോട് യോജിപ്പില്ല.അങ്ങനെയായാല്‍ പബ്‌ളിക് യൂട്ടിലിറ്റി സര്‍വീസ് എന്ന് പറയാനാവില്ല. ഗതാഗതവകുപ്പ് ഭാരിച്ച പണിയാണെങ്കിലും ജനത്തിന് സന്തോഷം നല്‍കുന്ന കോര്‍പ്പറേഷനാക്കി കെ.എസ്. ആര്‍.ടി.സിയെ മാറ്റും. അതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഞാന്‍ അടിയുറച്ച ദൈവിശ്വാസിയാണ്.
കടം കയറി വീട് വിറ്റ കുടുംബമാണ് തന്റെത്. പിടിച്ചുനില്‍ക്കാനാവാതെയാണ് താന്‍ ഗള്‍ഫില്‍ പോയത്. അവിടെ ഒരു സ്‌റ്റോറില്‍ ക്‌ളാര്‍ക്കായിട്ടായിരുന്നു തുടക്കം. ക്രമേണ വളര്‍ന്നു. അന്ന് കുവൈറ്റില്‍ മൂന്ന് സ്‌കൂളുകളേയുളളൂ. മകള്‍ക്ക് പഠിക്കാന്‍ അഡ്മിഷന്‍ കിട്ടാതായപ്പോഴാണ് സ്‌കൂള്‍ തുടങ്ങുന്നതിനെപ്പറ്റി ചിന്തിച്ചത്.
110 കുട്ടികളുമായി തുടങ്ങിയ സ്‌കൂളില്‍ ഇന്ന് 7000 കുട്ടികളുണ്ട്. 4000 കുട്ടികളുളള സ്‌കൂള്‍ വേറെയും. അങ്ങനെ സ്‌കൂളുകളുടെ എണ്ണം ആറായെങ്കിലും എം.എല്‍.എയായപ്പോള്‍ തന്റെ ജോലി തിരക്ക്മൂലം മൂന്നായി ചുരുക്കി. താനൊരു ഇന്‍ഡസ്ട്രിയലിസ്റ്റല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























