നോട്ടുക്ഷാമത്തിന് പരിഹാരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പണം ഇന്നു മുതല്‍ ട്രഷറികളില്‍

നോട്ടുക്ഷാമത്തിനു പരിഹാരം തേടി ഇന്നു മുതല്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പണം നേരിട്ടു ട്രഷറികളില്‍ അടയ്ക്കാന്‍ ധന വകുപ്പ് നിര്‍ദേശം നല്‍കി. ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ്, ലോട്ടറി, രജിസ്‌ട്രേഷന്‍ വകുപ്പ്, സപ്ലൈകോ, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവയോടൊക്കെ ലഭിക്കുന്ന തുക ട്രഷറി അക്കൗണ്ടില്‍ അടയ്ക്കണമെന്നാണു നിര്‍ദേശം.
എല്ലാ വകുപ്പുകളും ട്രഷറിയിലേക്കു തുക അടച്ചാല്‍ പ്രതിദിനം 60 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ട്രഷറികളില്‍ എത്തുമെന്നാണു ധനവകുപ്പ് കരുതുന്നത്. ഓരോ ദിവസവും തുകയുടെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. കെഎസ്എഫ്ഇ കഴിഞ്ഞ ദിവസം മുതല്‍ ട്രഷറിയിലേക്കു തുക അടച്ചിരുന്നു. ശരാശരി 40 കോടി രൂപയാണു കെഎസ്എഫ്ഇ ട്രഷറിയിലേക്ക് അടച്ചിരുന്നത്. ട്രഷറിയിലേക്കു തുക നല്‍കാന്‍ നേരത്തേ സര്‍ക്കാര്‍ സ്ഥാപനങ്ങളോടു നിര്‍ദേശിച്ചെങ്കിലും എല്ലാ സ്ഥാപനങ്ങളും അടയ്ക്കാത്ത സാഹചര്യത്തിലാണ് ഇന്നു മുതല്‍ തുക ട്രഷറിയിലെത്തിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലഭിച്ചിരുന്ന തുക ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു ഇതുവരെ അടച്ചിരുന്നത്. അവിടെനിന്ന് ഓണ്‍ലൈനായി ട്രഷറി അക്കൗണ്ടിലേക്കു കൈമാറുകയായിരുന്നു പതിവ്. ട്രഷറി അക്കൗണ്ടുകളില്‍ ആവശ്യത്തിനു തുകയുണ്ടെങ്കിലും പെന്‍ഷന്‍ വിതരണത്തിനു പോലും ആവശ്യമായ കറന്‍സി നോട്ടുകള്‍ നല്‍കാത്ത സാഹചര്യത്തിലാണു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന പണം ബാങ്കുകള്‍ക്കു നല്‍കേണ്ടതില്ലെന്നു ധനവകുപ്പ് തീരുമാനിച്ചത്.
പ്രതിദിനം 20 കോടി രൂപയുടെ ലോട്ടറി വില്പന നടക്കുന്നുണ്ടെന്നാണു കരുതപ്പെടുന്നത്. ബിവറേജസ് കോര്‍പറേഷനില്‍ നിന്നുള്ള വരുമാനവും ഏതാണ്ട് ഇത്രത്തോളം വന്നേക്കാം. ദേശീയ സംസ്ഥാന പാതയ്ക്കരുകിലെ മദ്യശാലകള്‍ പൂട്ടുന്നതിനു മുമ്പ് 30 കോടി രൂപ വരെ ലഭിച്ചിരുന്നു. ഇതു കൂടാതെ മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള തുകയും ട്രഷറികളില്‍ എത്തുമെന്നാണു കരുതുന്നത്. ഇതോടെ ശമ്പള പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ നോട്ടുകള്‍ കണ്ടെത്തുന്നതിനു തടസമുണ്ടാകില്ലെന്നാണു കരുതുന്നത്.
എടിഎമ്മുകളില്‍ നോട്ട് ക്ഷാമം രൂക്ഷമായി തുടരുകയാണ്. ആവശ്യത്തിനു നോട്ട് റിസര്‍വ് ബാങ്ക് ലഭ്യമാക്കാത്ത സാഹചര്യത്തില്‍ നോട്ട് ക്ഷാമം തുടരുമെന്നാണു ബാങ്ക് അധികൃതര്‍ നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha

























