കാണാതായ യുവാവിനെ പൊലീസ് സ്റ്റേഷനിലെ കിണറ്റില്‍ കണ്ടെത്തി

കാണാതായ യുവാവിനെ പൊലീസ് സ്റ്റേഷന്‍ വളപ്പിലെ കിണറ്റില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ വെണ്ണികോട് പണയില്‍ വീട്ടില്‍ രാഹുലിനെ(29)യാണ് കഴിഞ്ഞ ദിവസം മൈതാനത്തെ സബ് റജിസ്ട്രാര്‍ ഓഫിസിനും പൊലീസ് സ്റ്റേഷനും ഇടയിലുള്ള എണ്‍പതടിയോളം താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. വെള്ളത്തില്‍ കിടന്നു വിറങ്ങലിച്ച് അവശനായ ഇയാള്‍ മണിക്കൂറുകളോളം കിണറ്റില്‍ കഴിച്ചുകൂട്ടിയെന്നാണു കരുതുന്നത്.
വര്‍ക്കല ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നു കിണറിനു പുറത്തെത്തിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച രാഹുലിനെ കാണാനില്ലെന്നു കാണിച്ചു മൂന്നു ദിവസം മുമ്പു ബന്ധുക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിനെ തിരയുന്നതിനിടയിലാണ് സ്റ്റേഷന്‍ വളപ്പിലെ കിണറ്റില്‍നിന്നു കിട്ടിയത്. കിണര്‍ വെള്ളം പൊലീസും സബ് റജിസ്ട്രാര്‍ ഓഫിസും ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ അവധി ദിവസത്തില്‍ സബ് റജിസ്ട്രാര്‍ ഓഫിസ് വളപ്പിലേക്കു കടന്ന രാഹുല്‍ തൂക്കിയിട്ട പ്‌ളാസ്റ്റിക് വടത്തിലൂടെ കിണറ്റിലേക്ക് ഇറങ്ങിയിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. കിണറിനു മീതെയുള്ള ഇരുമ്പു ഗ്രില്ലിന്റെ മൂടി തുറന്ന് അടച്ചശേഷമാണു കിണറ്റിലേക്കിറങ്ങിയത്. ശനി രാവിലെ സബ് റജിസ്ട്രാര്‍ ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരാണ് എണ്‍പതടിയോളം താഴ്ചയുള്ള കിണറ്റിലെ പ്‌ളാസ്റ്റിക് വടത്തില്‍ തൂങ്ങി പിടിച്ചുകിടക്കുന്ന യുവാവിനെ കണ്ടത്.
രാവിലെ മോട്ടോര്‍ ഓണാക്കിയിട്ടും ടാങ്കിലേക്കു വെള്ളം കയറാത്തതിനെ തുടര്‍ന്ന് കിണര്‍ പരിശോധിച്ചതായിരുന്നു. കിണറിനുള്ളിലെ പൈപ്പ് ഇളകിയതിനെ തുടര്‍ന്നാണു പമ്പിങ് തകരാറിലായത്. അവശനിലയില്‍ രാഹുലിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീടു തിരുവന്തപുരത്തേക്കും മാറ്റി. ഇയാളെ ചികില്‍സയ്ക്കായി ബന്ധുക്കള്‍ മൂന്നു ദിവസം മുമ്പു തിരുവന്തപുരത്തേക്കു കൊണ്ടുപോകുന്നതിനിടയിലാണു നിലയ്ക്കാമുക്ക് ഭാഗത്തുനിന്നു കാണാതായത്.
https://www.facebook.com/Malayalivartha

























