ഐ.പി.എസ് ചമഞ്ഞ് തട്ടിപ്പിന് അറസ്റ്റില്‍

ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന പത്തനാപുരം പനമ്പറ്റ ചന്ദ്രഭവനില്‍ രാജേഷ്ചന്ദ്രനെ (39) ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.ഐ ഓഫീസര്‍ ഹരികൃഷ്ണന്‍ ഐ.പി.എസ് എന്ന പേരില്‍ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിവന്നത്. കേരളത്തിലെ പ്രമാദമായ പല കൊലക്കേസുകളും അന്വേഷിച്ചത് താനാണെന്നും നിലവില്‍ പേരൂര്‍ രാമഭദ്രന്‍ കൊലക്കേസ് അന്വേഷിക്കുകയാണെന്നും ഇയാള്‍ പലരോടും പറഞ്ഞിരുന്നു.
മേലുദ്യോഗസ്ഥരോടെന്ന പോലെ മൊബൈല്‍ ഫോണില്‍ ഹിന്ദിയില്‍ സംസാരിച്ച് കാഴ്ചക്കാരുടെ വിശ്വാസം നേടിയ ശേഷമായിരുന്നു തട്ടിപ്പ്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം നല്‍കിയും പലരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയിട്ടുണ്ട്. ദേവസ്വം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തിയാണ് ഇങ്ങനെ തട്ടിപ്പ് നടത്തിയത്. കൊട്ടാരക്കര മുസ്‌ളീം സ്ട്രീറ്റ് ഭാഗത്തെ യുവാവില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് ജോലിക്കായി യുവാവിനോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നുത്. പണം വാങ്ങാന്‍ ഇന്നലെ ഇവിടെ എത്തിയപ്പോള്‍ പൊലീസിനെ കണ്ട് ഓടി ഒളിക്കാന്‍ ശ്രമിച്ച രാജേഷ്ചന്ദ്രനെ വളരെ പണിപ്പെട്ട് കീഴടക്കുകയായിരുന്നു.
പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്തും വിദേശത്തേക്ക് വിസ വാഗ്ദാനം നല്‍കിയും വ്യാജ സ്വര്‍ണ്ണം നല്‍കിയും ലക്ഷങ്ങള്‍ തട്ടിച്ചതായി ഇയാള്‍ക്കെതിരെ പരാതിയുണ്ട്. അത്ഭുതസിദ്ധിയുള്ള സിദ്ധനാണെന്ന് പറഞ്ഞ് മറ്റ് ചിലരെയും കബളിപ്പിച്ചു. തട്ടിയെടുത്ത പണംകൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. മുമ്പ് ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്ന രാജേഷ് ചന്ദ്രന്‍ ഏഴര വര്‍ഷത്തിനുശേഷം രാജിവയ്ക്കുകയായിരുന്നു. ഭാര്യയും മകനും ഇയാളെ ഉപേക്ഷിച്ചുപോയി.
ആറന്‍മുള, കോട്ടയം, കോന്നി, കൂത്താട്ടുകുളം, തൊടുപുഴ എന്നിവിടങ്ങളിലും തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. മുമ്പ് രണ്ടുതവണ പിടിക്കപ്പെട്ട ഇയാള്‍ നാലര വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഏറെ പരാതികള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഷാഡോ പൊലീസ് എസ്.ഐ ബിനോജ്, ശിവപ്രകാശ്, എ.എസ്.ഐമാരായ ഷാജഹാന്‍, ശിവശങ്കരപിള്ള, അജയകുമാര്‍, രാധാകൃഷ്ണപിള്ള, ദേവപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























