ശ്രീചിത്രയില്‍ ശസ്ത്രക്രിയയില്ലാതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ വന്‍ വിജയകരം

ശസ്ത്രക്രിയയില്ലാതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്ന ആധുനിക ചികിത്സാ മികവ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്വന്തമാക്കി. നെഞ്ചും ഹൃദയവും തുറക്കാതെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിറുത്താതെയും ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്ന ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്‌ളേസ്‌മെന്റ് (ടി.എ.വി.ആര്‍) ആണ് വിജയകരമായി നടത്തിയത്. ഇടുപ്പിലെ രക്തക്കുഴലില്‍ കൂടി വാല്‍വ് കടത്തി അസുഖം ബാധിച്ച വാല്‍വിന്റെ സ്ഥാനത്ത് ആന്‍ജിയോഗ്രാഫിയുടെ സഹായത്തോടെ ഉറപ്പിക്കുന്നതാണ് ടി.എ.വി.ആര്‍. ഹൃദയം തുറന്നുള്ള ശസ്ത്രക്രീയയുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കന്‍ ഇതിലൂടെ കഴിയും.
ഇന്ത്യയിലെ ഏതാനും മുന്‍നിര ആശുപത്രികളില്‍ ഈ ചികിത്സാരീതി വിജയകരമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ സര്‍ക്കാര്‍ മേഖലയിലെ ആശുപത്രിയില്‍ ഇത് ആദ്യമാണ്. രണ്ട് രോഗികളില്‍ ഈ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ശ്രീചിത്രയിലെ വിദഗ്ദ്ധ സംഘത്തിനായി. 65 വയസുകാരായ ഒരു സ്ത്രീയിലും പുരുഷനിലുമാണ് ചികിത്സ വിജയകരമായി നടത്തിയത്. ഇതിലൊരാള്‍ ഡോക്ടറാണ്. മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ ഹൃദയവാല്‍വ് മാറ്റിവച്ചെങ്കിലും അത് പ്രവര്‍ത്തന രഹിതമായി. വാല്‍വ് അടയുകയും തുറക്കുകയും ചെയ്യാത്ത ഗുരുതര അവസ്ഥയായിലായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാരായ ബിജു ലാല്‍, അജിതകുമാര്‍ , ഹരികൃഷ്ണന്‍, വിവേക് പിള്ള, ജയകുമാര്‍, ശ്രീനിവാസ്, ഡാഷ്, അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സൗരഭ് ഗുപ്ത എന്നിവരാണ് ടിം അംഗങ്ങള്‍. 25 ലക്ഷം രൂപയ്ക്ക് മേലെ ചെലവ് വരുന്ന ചികിത്സാ രീതിയാണിത്. എന്നാല്‍ സ്വകാര്യ ആശുപത്രികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചികിത്സാ ചെലവില്‍ മൂന്ന് അഞ്ച് ലക്ഷത്തോളം രൂപയുടെ കുറവ് ശ്രീചിത്രയില്‍ ലഭിക്കും.
ഈ ചികിത്സയ്ക്ക് ആകെ മുക്കാല്‍ മണിക്കൂര്‍ മതി. ആശുപത്രി വാസം മൂന്ന് ദിവസവും വിശ്രമം ഒരാഴ്ചയും മതി. അതിനു ശേഷം സാധാരണ ജീവിതം തുടരാം. ശസ്ത്രക്രിയയാണെങ്കില്‍ ഒരാഴ്ച ആശുപത്രി വാസവും ഒരു മാസം വിശ്രമവും വേണം.എന്നാല്‍ ആദ്യ തവണ എന്ന നിലയില്‍ രണ്ടു പേരെയും അഞ്ച് ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിനായി കിടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























