കൊച്ചിയില്‍ വീണ്ടും മയക്ക് മരുന്ന് വേട്ട

കൊക്കൈയിന്‍ ഉള്‍പ്പടെ 84 ലക്ഷം രൂപ വിലമതിക്കുന്ന വിവിധ തരം മയക്കുമരുന്നുകള്‍ എക്‌സൈസ് സംഘം പിടികൂടി. എറണാകുളം കുമ്പളം ബ്ലായിത്തറ വീട്ടില്‍ സനീഷ് (32)നെയാണ് ഇയാളുടെ കാറില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകള്‍ സഹിതം എക്‌സൈസ് എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 50 ലക്ഷം രൂപ വിലവരുന്ന 205 ഗ്രാം ചരസ്, ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 11 ഗ്രാം കൊക്കൈയിന്‍, 25 ലക്ഷം രൂപ വിലമതിക്കുന്ന 47 ഗ്രാം എം.ഡി.എം ഗുളികകള്‍, 1.5 ലക്ഷം വിലമതിക്കുന്ന മൂന്ന് ഗ്രാം ദ്രാവകരൂപത്തിലുള്ള എം.ഡി.എം, എന്നിവയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
കേരളത്തില്‍ ആദ്യമായാണ് പലതരത്തിലുള്ള മയക്കുമരുന്നുകള്‍ ഒരാളില്‍ നിന്ന് പിടികൂടുന്നതെന്നതും കൊക്കൈയിന്‍ ഇത്രയും അളവില്‍ പിടികൂടുന്നതെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നാരായണന്‍കുട്ടി പറഞ്ഞു. വിലകൂടിയ മയക്കുമരുന്നുകള്‍ ഇയാള്‍ ഗോവയില്‍ നിന്ന് എത്തിച്ചതാണെന്നാണ് ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയത്. കൊച്ചിയിലെത്തുന്ന വിദേശികള്‍ക്കും സമ്പന്നരായ മയക്കുമരുന്നു ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഇയാള്‍ വില്‍പന നടത്തുന്നത്.
മയക്കുമരുന്ന് അളന്ന് നല്‍കുന്നതിനുള്ള ഉപകരണങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വന്‍കിട ഹോട്ടലുകളിലെ നിശാപാര്‍ട്ടികള്‍, കപ്പലില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്കെല്ലാമാണ് പ്രധാനമായും ഇയാള്‍ വിതരണം ചെയ്യുന്നത്. ഇയാളുടെ പ്രവര്‍ത്തനം രണ്ട് മാസമായി നിരീക്ഷിച്ചുവരുകയായിരുന്ന എക്‌സൈസ് സംഘം ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ഇയാളുടെ വസതിയിലും സനീഷിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലും പരിശോധന നടത്തിയത്.
വസതിയിലുണ്ടായിരുന്ന കാറില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ കണ്ടെടുത്തത്. പ്രതിയെ ഇന്നലെ ആലുവയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് എക്‌സൈസ് സംഘം. സി.ഐ സജി ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























