പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് സ്ഥാപിച്ച മരക്കുരിശ് കാണാതായി

ചിന്നക്കനാല്‍ വില്ലേജില്‍ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്തുസ്ഥാപിച്ച മരക്കുരിശ് കാണാതായി. പുതിയ കുരിശ് നീക്കിയതാരാണെന്നു വ്യക്തമല്ല. ഇന്നലെ സ്ഥാപിച്ച അഞ്ചടി ഉയരത്തിലുള്ള കുരിശാണ് കാണാതായത്. ഇതുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഉച്ചയോടെ കുരിശ് സ്ഥാപിച്ചത് പുറത്തറിഞ്ഞതിനെ തുടര്‍ന്ന് അഡീഷണല്‍ തഹസില്‍ദാറെത്തി പരിശോധന നടത്തിയിരുന്നു.
സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ആരാധനാലയവും കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിരുന്ന കുരിശുമാണ് റവന്യു അധികൃതര്‍ വ്യാഴാഴ്ച പൊളിച്ചുമാറ്റിയത്. ഒരു ടണ്‍ ഭാരമുള്ള ഇരുമ്പു കുരിശാണ് പൊളിച്ചുമാറ്റിയത്. തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമാണു സ്പിരിറ്റ് ഇന്‍ ജീസസ്. കുരിശു പൊളിച്ചതിനെതിരെ മുഖ്യമന്ത്രിയില്‍നിന്നടക്കം വലിയ വിമര്‍ശനങ്ങളാണ് റവന്യൂസംഘം നേരിട്ടത്.
കലക്ടര്‍ ചിന്നക്കനാല്‍ വില്ലേജില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയ്ക്കു 40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്‌നിശമനസേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തടയാന്‍ വഴിയില്‍ വാന്‍ നിര്‍ത്തിയിട്ടും കുഴികള്‍ ഉണ്ടാക്കിയും തടസ്സം സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
https://www.facebook.com/Malayalivartha

























