മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കൈയേറ്റക്കാരോട് യാതൊരു തരത്തിലുമുള്ള ദയയും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി പരിസ്ഥിതി പ്രവര്‍ത്തകരുമായ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കി. കൈയേറ്റക്കാരോട് മൃദുസമീപനമുണ്ടാവില്ല. കൈയേറ്റം ഗുരുതരമായ പ്രശ്‌നമാണ്. കൈയേറ്റം തടയാന്‍ സമഗ്ര നിയമം കൊണ്ടുവരും. അതേസമയം, പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ കവയത്രി സുഗതകുമാരി ആവശ്യപ്പെട്ടു. പൊളിക്കേണ്ട കൈയേറ്റങ്ങള്‍ പൊളിക്കുകയും അല്ലാത്തവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും വേണം. തങ്ങളുടെ അവസാന പ്രതീക്ഷയാണ് ഇതെന്നും സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നാണ് കരുതുന്നെന്നും അവര്‍ വ്യക്തമാക്കി. മൂന്നാര്‍ ബാക്കി നില്‍ക്കണം, പശ്ചിമഘട്ടം അവശേഷിക്കണം. മതശക്തികള്‍ക്കും പണക്കാരനും രാഷ്ട്രീയശക്തികള്‍ക്കും കൈയേറാനുള്ളതല്ല പശ്ചിമഘട്ടം. അത് നമ്മുടെ ജലപ്രഭവകേന്ദ്രവും നമ്മുടെ രക്ഷാദേവതയുമാണെന്നും സുഗതകുമാരി ചൂണ്ടിക്കാട്ടി.
കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് മാദ്ധ്യമ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ട. ഉദ്യോഗസ്ഥരെ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിന് വ്യക്തമായി അറിയാം. ഇടുക്കിക്ക് മാത്രമായി രാഷ്ട്രീയ ജീര്‍ണത ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























