എംഎം മണിയെ മാറ്റി നിര്‍ത്തി മാരത്തോണ്‍ ചര്‍ച്ച... മൂന്നാര്‍ ഒഴിപ്പിക്കലില്‍ സര്‍വകക്ഷി യോഗത്തിന്റെ പൂര്‍ണ പിന്തുണ; വന്‍കിടക്കാരെ ഉള്‍പ്പെടെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി

മൂന്നാറിന് വേണ്ടി ഏറ്റവുമധികം പ്രശ്‌നമുണ്ടാക്കി വിവാദത്തിലായ മന്ത്രി എംഎം മണിയെ ഒഴിവാക്കിയുള്ള മാരത്തോണ്‍ ചര്‍ച്ച അവസാനിച്ചു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം സമാപിച്ചു. കയ്യേറ്റം ഒഴിപ്പിക്കലിന് സര്‍വകക്ഷി യോഗത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമയബന്ധിതമായ കയ്യേറ്റം ഒഴിപ്പിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വന്‍കിട കയ്യേറ്റക്കാരടക്കം മുഴുവന്‍ കയ്യേറ്റക്കാരെയും ഒഴിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തോട്ടം ഉടമകള്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ഭൂമി കയ്യേറി ചിലര്‍ വാണിജാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. വ്യാജ പട്ടയവും ഇടുക്കി ജില്ലയെ സംബന്ധിച്ച മറ്റൊരു പ്രശ്‌നമാണ്. വ്യാജ പട്ടയത്തിന്റെ മറവില്‍ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ചത് വന്‍കിടക്കാരാണ്. പട്ടയം ലഭിച്ച് നിശ്ചിത കാലയളവിനകം ഭൂമി കൈമാറുകയും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത മൂന്നാറിലുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.
1977ന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പട്ടയ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും ഭാവിയില്‍ കയ്യേറ്റം ഉണ്ടാകാത്ത വിധം നടപടി സ്വീകരിക്കും കയ്യേറ്റം തടയുന്നതിന് ശക്തമായ നിയമനിര്‍മ്മാണം നടത്തും ആരാധനാലയങ്ങളുടെ കയ്യേറ്റം സംബന്ധിച്ച് തീരുമാനം പിന്നീട് എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. തോട്ടം തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി മതസംഘടനകളുമായും മാധ്യമപ്രവര്‍ത്തകരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. മതസ്ഥാപനങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന് മതസംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി നശിപ്പിച്ചു കൊണ്ടുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























