മൂന്നാര്‍ കൈയ്യേറ്റം : വന്‍കിട കൈയ്യേറ്റക്കാരെ ആദ്യം ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി , വീടുവച്ചു താമസിക്കുന്നവരെ തൊടില്ല

മൂന്നാറില്‍ നിന്ന് ആദ്യം വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്നു മുഖ്യമന്ത്രി . വീടുവച്ചു താമസിക്കുന്ന ചെറുകിട കൈയേറ്റക്കാര്‍ക്കെതിരേ ആദ്യഘട്ടത്തില്‍ നടപടിയുണ്ടാകില്ല. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പുതിയനിയമം കൊണ്ടുവരും. സമയബന്ധിതമായി പട്ടയം നല്‍കാന്‍ കര്‍മപദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രശ്‌നത്തില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്തവര്‍ക്കു വീട് നല്‍കുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ നിലവില്‍ താമസിക്കുന്നവരെ കുടിയിറക്കുന്നതു ശരിയല്ല. ഇവരുടെ കാര്യത്തില്‍ എന്തുവേണമെന്നു പിന്നീടു തീരുമാനിക്കും. താമസയോഗ്യമല്ലാത്ത ലയങ്ങളില്‍ കഴിയുന്ന തോട്ടം തൊഴിലാളികള്‍ക്കു വീട് നിര്‍മിച്ചുനല്‍കും.
ഭാവിയില്‍ ഒരുതരത്തിലുള്ള കൈയേറ്റവും നടത്താന്‍ തോന്നാത്ത തരത്തിലുള്ള നടപടികളുണ്ടാകും. യുനെസ്‌കോ പൈതൃകപട്ടികയില്‍ ഇടംപിടിച്ച പശ്ചിമഘട്ടത്തിലെ മൂന്നാറിന്റെ സംരക്ഷണത്തിനു സമഗ്രപദ്ധതി തയാറാക്കും. കൈയേറ്റമൊഴിപ്പിക്കല്‍ നടപടികളെ യോഗങ്ങളില്‍ പങ്കെടുത്തവര്‍ പൊതുവില്‍ പിന്തുണച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിനു നിരവധി നിര്‍ദേശങ്ങളുയര്‍ന്നു. അതെല്ലാം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കും.
കൈയേറ്റമൊഴിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. എവിടെയും കൈയ്യേറാമെന്നും നിയമവ്യവസ്ഥകള്‍ ബാധകമല്ലെന്നുമാണു വന്‍കിടക്കാരുടെ നിലപാട്. അതംഗീകരിക്കില്ല. സമ്പദ്‌വ്യവസ്ഥയുടെ പ്രധാനഭാഗമായ ഇടുക്കിയിലെ തോട്ടങ്ങള്‍ പാട്ടവ്യവസ്ഥ ലംഘിച്ച് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേ കര്‍ശനനടപടിയെടുക്കും.
മൂന്നാറില്‍ പലതരം കൈയേറ്റങ്ങളുണ്ട്. വീടുവച്ച് താമസിക്കുന്നവരാണ് ഒരുവിഭാഗം. ബോധപൂര്‍വം സര്‍ക്കാര്‍ഭൂമി കൈയേറിയവരുണ്ട്. കൈയേറ്റഭൂമിയില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ച് ഉപയോഗിക്കുന്നവരുണ്ട്. ഒരുരേഖയുമില്ലാത്ത ഭൂമിയിലാണ് ഇങ്ങനെ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പട്ടയ നമ്പറില്‍ പിശകുള്ളവരും വ്യാജപട്ടയമുണ്ടാക്കി ഭൂമി കൈവശം വച്ചിരിക്കുന്നവരുമുണ്ട്. കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയവരും സ്‌റ്റോപ് മെമ്മോ ലഭിച്ച് നിര്‍ത്തിവച്ചവരുമുണ്ട്. കൃഷിക്കും താമസത്തിനുമുള്ള പട്ടയം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരുണ്ട്. പട്ടയം ലഭിച്ച ഭൂമി നിശ്ചിതകാലയളവിനുശേഷമേ കൈമാറ്റം ചെയ്യാവൂ എന്ന വ്യവസ്ഥ ലംഘിച്ചവരുണ്ട്. ഇതെല്ലാം കൃത്യമായി പരിശോധിച്ച് കൈയേറ്റക്കാരെ പൂര്‍ണമായി ഒഴിവാക്കും.
മൂന്നാറിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണം. ഇവിടുത്തെ നദികള്‍ മാലിന്യമുക്തമാക്കാന്‍ പ്രത്യേകപദ്ധതി നടപ്പാക്കും. 1977 ജനുവരി ഒന്നിനു മുമ്പു കുടിയേറിയവര്‍ക്കു സമയബന്ധിതമായി പട്ടയം നല്‍കും. ആദ്യഘട്ടവിതരണം 21ന് ഇടുക്കിയില്‍ നടക്കും. രണ്ടുവര്‍ഷത്തിനകം ഘട്ടംഘട്ടമായി പട്ടയവിതരണം പൂര്‍ത്തിയാക്കും. 40 വര്‍ഷം മുമ്പു കുടിയേറിയവര്‍ക്കു പട്ടയം ഇനിയും വൈകിപ്പിക്കാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























