പിഞ്ചുകുഞ്ഞിനെയും മുത്തശ്ശിയെയും തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പിഞ്ചുകുഞ്ഞിനെയും മുത്തശ്ശിയെയും പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കുമ്പള സി.ഐ വി.വി മനോജ് അറസ്റ്റ് ചെയ്തു. ഉദ്യാവറിലെ അബ്ദുള്ളയുടെ മകന്‍ ഖലീലാ (27)ണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ മഞ്ചേശ്വരം ജംഗ്ഷനില്‍ എസ്.ഐ അനൂബ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് മഞ്ചേശ്വരം രാഗം കുന്നിലെ അഹമ്മദിന്റെ വീട്ടില്‍ ദാരുണ സംഭവം നടന്നത്. ഉദ്യാവര്‍ കെ.ജെ.എം റോഡിലെ രാഗം കുന്നില്‍ അഷ്‌റഫ് ജുനൈദ ദമ്പതികളുടെ മകന്‍ അസാന്‍ അഹമ്മദ് എന്ന രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയാണ് പ്രതി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വൈകിട്ട് നാലോടെ വീട്ടിലെത്തിയ ഖലീല്‍ കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയില്‍ കയറി കൈവശം കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മുറിയിലെത്തിയ പിതൃമാതാവ് സുബൈദയ്ക്കും തീപൊള്ളലേറ്റു.
കുഞ്ഞിന്റെ മുഖവും കൈകാലുകളും ചുവന്നുതുടുത്തിരുന്നു. തീനാളങ്ങള്‍ക്കിടയില്‍ നിന്നും സുബൈദ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കോടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കുഞ്ഞിനെയും സുബൈദയെയും മംഗലാപുരം ആസ്പത്രിയില്‍ എത്തിച്ചത്. അഞ്ച് ലിറ്റര്‍ കൊള്ളുന്ന എഞ്ചിന്‍ ഓയിലിന്റെ പച്ച കന്നാസില്‍ പെട്രോള്‍ കൊണ്ടുവന്നാണ് പ്രതി ഒഴിച്ചത്. ഒരു പെട്രോള്‍ ബോംബും രണ്ട് പടക്കങ്ങളും മറ്റൊരു മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എഴുപത്തഞ്ച് ശതമാനത്തിലേറെ പൊള്ളലേറ്റ കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആസ്പത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്നലെ പുലര്‍ച്ചെ പിടിയിലായത്. ബേക്കറി ജീവനക്കാരനാണ് ഖലീല്‍. ജുനൈദയുടെ ബന്ധുവിനെ വിവാഹം കഴിച്ചുതരാന്‍ ഖലീല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബന്ധുക്കള്‍ തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇതിനെ ചൊല്ലി നേരത്തെ ഖലീല്‍ ഭീഷണി മുഴക്കിയിരുന്നു.
https://www.facebook.com/Malayalivartha
























