കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊച്ചി മെട്രോയില്‍ പാലാരിവട്ടം മുതല്‍ ആലുവ വരെ മുഖ്യമന്ത്രിയുടെ യാത്ര ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൊച്ചി മെട്രോയില്‍ യാത്ര ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലെത്തുന്ന മുഖ്യമന്ത്രി ആലുവയിലേയ്ക്കാകും യാത്ര ചെയ്യുക. മെട്രോ സ്‌റ്റേഷനുകളില്‍ ക്രമീകരിച്ചിരിക്കുന്ന സൗരോര്‍ജ വൈദ്യുത സംവിധാനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
മെട്രോ യാത്രാ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. എറണാകുളം ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് മുഖ്യമന്ത്രിയുടെ മെട്രോ യാത്ര. പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ജൂണ്‍ 17 ന് പൊതുജനങ്ങള്‍ക്ക് സമ്മാനിക്കുകയാണ്. അല്‍സ്‌റ്റോമില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ സിഗ്‌നല്‍, ശബ്ദം, വൈദ്യുത, സാങ്കേതിക, അനൗണ്‍സ്‌മെന്റ് സംവിധാനകളെല്ലാം പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്. വൈദ്യുത, സാങ്കേതിക സജ്ജീകരണങ്ങളുടെ ജോലികളും പൂര്‍ത്തിയായി.
വേഗത്തിലുള്ള നിര്‍മാണം, കുറഞ്ഞ നിര്‍മാണച്ചെലവ്, 70% തദ്ദേശീയമായ ഭാഗങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ കൊച്ചി മെട്രോ മുന്നിട്ടു നില്‍ക്കുന്നു. ഒരു ട്രെയിനില്‍ മൂന്നു കോച്ചുകള്‍. ഒരു കോച്ചിന് 22 മീറ്റര്‍ നീളം, 2.5 മീറ്റര്‍ വീതി, രണ്ടു മീറ്റര്‍ ഉയരം. ഒരു ട്രെയിനില്‍ മൊത്തം 975 പേര്‍ക്ക് യാത്ര ചെയ്യാം. ഇരിക്കാനുള്ള സൗകര്യം 136 പേര്‍ക്ക്. ഓരോ കോച്ചിനും ഒരു വശത്ത് നാലു വാതിലുകള്‍. വിശാലമായ ചില്ലു ജനലുകള്‍. സ്‌റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച കോച്ചുകള്‍ക്ക് 35 വര്‍ഷമാണ് ആയുസ്സ് പറയുന്നത്. അറ്റകുറ്റപ്പണികള്‍ എളുപ്പം, ഉറപ്പു കൂടുതല്‍, ശബ്ദം കുറവ് തുടങ്ങിയ സവിശേഷതകളുമുണ്ട്.
https://www.facebook.com/Malayalivartha
























