20 ലക്ഷത്തിന്റെ കുഴല്‍പ്പണവേട്ട ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പില്‍ വന്‍ കുഴല്‍പണ വേട്ട. ഒരാള്‍ അറസ്റ്റില്‍. മൊറാഴയിലെ വീട്ടില്‍ നിന്ന് ഇരുപത് ലക്ഷം രൂപ പിടിച്ചെടുത്തു. മൊറാഴയിലെ പുതിയപുരയില്‍ ഷാനവാസ് (26)ആണ് അറസ്റ്റിലായത്. ഹവാല സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന് ലഭിച്ച രഹസ്യ വിവരം തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിനെ അറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ ബിനുമോഹന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് ഷാനവാസിന്റെ മൊറാഴയിലുള്ള വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച പണം കണ്ടെടുത്തത്.
2000 രൂപയുടെ ഏഴ് കെട്ടും 500 രൂപയുടെ 12 കെട്ടുമായിട്ടാണ് പണം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി കുഴല്‍പണ റെയിഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച രാത്രി 11.30 ന് നടന്ന കുഴല്‍പണ വേട്ട. രണ്ട് വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന ഷാനവാസ് മാങ്ങാട് സ്വദേശിയാണ്. മൊറാഴയില്‍ താമസം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. മലപ്പുറത്ത് നിന്നാണ് പണം എത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.
ഗള്‍ഫിലും ഹവാല റാക്കറ്റിന് കീഴില്‍ പണമിടപാട് നടത്തിയിരുന്ന ഷാനവാസ് നാട്ടിലെത്തിയതിന് ശേഷമുള്ള രണ്ടാമത്തെ പണമിടപാടാണിതെന്ന് പൊലീസിനോട് സമ്മതിച്ചു. മലപ്പുറത്ത് നിന്ന് വീട്ടിലെത്തിക്കുന്ന പണം ഫോണ്‍ വഴി വിവരം ലഭിക്കുന്നത് പ്രകാരം ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് പതിവ്. എ.എസ്.ഐ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുസ്തഫ, ഡ്രൈവര്‍ നവാസ്, വനിതാ പൊലീസ് ടി.വി ഷൈനി എന്നിവരും റെയിഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് സി.ജെ.എം കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























