കൊല്‍ക്കത്തയില്‍ അണ്ടര്‍വാട്ടര്‍ മെട്രോയുടെ ജോലി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

അതി ശീഘ്രവും ബഹുദൂരവുമായ കുഴിക്കല്‍ ജോലിയിലേക്ക് രചനയും പ്രേരണയും വ്യാപൃതരാകുമ്പോള്‍ കൊല്‍ക്കത്തയിലെ വെള്ളത്തിനടിയിലൂടെയുള്ള ആദ്യ മെട്രോജോലി അതിവേഗത്തിലാകുന്നു. ആസ്സാമിലെ പടുകൂറ്റന്‍ പാലത്തിന് പിന്നാലെ വീണ്ടും ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ ഒരുങ്ങുന്ന കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗാളിലെ നദിക്കടിയിലൂടെയുള്ള മെട്രോ ടണലിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ജോലികള്‍ ഈ രീതിയില്‍ പുരോഗമിച്ചാല്‍ 2019 ഓടെ ഹുഗ്‌ളീ നദിയിലൂടെ മെട്രോയ്ക്ക് ആദ്യ യാത്ര നടത്താനാകും.
പദ്ധതിയുടെ ഭാഗമായി ഹുഗ്‌ളീ നദിയ്ക്കടിയില്‍ ഹൗറയിലെ തുരങ്ക നിര്‍മ്മാണം ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു. 30 മീറ്റര്‍ താഴ്ചയില്‍ 520 മീറ്ററാണ് തുരങ്കത്തിന്റെ നീളം. ഏകദേശം 60 സെക്കന്റോളം മെട്രോ നദിയില്‍ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കും. ജര്‍മ്മനിയില്‍ നിന്നും ഭാഗങ്ങള്‍ വാങ്ങി വെള്ളത്തിനടിയില്‍ വെച്ച് അസംബളീ ചെയ്‌തെടുത്ത തുരക്കല്‍ ജോലികള്‍ ചെയ്തു കൊണ്ടിരിക്കുന്ന യന്ത്രങ്ങള്‍ക്ക് രചന, പ്രേരണാ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റോഡപകടത്തില്‍ മരിച്ചു പോയ പദ്ധതിയുടെ പ്രൊജക്ട് ഓഫീസറുടെ മക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്.
ഹുഗ്‌ളീ മറികടക്കാന്‍ രചനയ്ക്ക ഒരു മാസത്തിലധികം എടുക്കേണ്ടി വന്നു. ജോലി ചെയ്യുന്നവര്‍ക്കായി അതിശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വെള്ളം ചോര്‍ച്ചയും മറ്റും ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ഗാസ്‌ക്കറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. വെള്ളം ചോര്‍ച്ചയുണ്ടാക്കാതെ പാറയും മണ്ണും തുരക്കുന്നതിനാലാണ് പണി താമസിക്കുന്നത്.
എന്നിരുന്നാലും കൊല്‍ക്കത്തയിലെ ചരിത്ര സ്മാരകങ്ങളില്‍ നിന്നും 100 മീറ്റര്‍ മാറിയാണ് തുരങ്കം കടന്നുപോകുന്നതിനാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതിയും വേണ്ടതുണ്ട്. ഇതും പണി താമസിപ്പിക്കാന്‍ കാരണമായിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യ മെട്രോ എന്ന പദവി ഇതിനകം കയ്യാളുന്ന കൊല്‍ക്കത്തയ്ക്ക് ആദ്യ അണ്ടര്‍ റിവര്‍ മെട്രോ എന്ന പദവി ഇരട്ടി നേട്ടമാകും
https://www.facebook.com/Malayalivartha
























