ആഭ്യന്തര,വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്നത് 5000 വോട്ടര്‍മാരുടെ വിവരങ്ങള്‍

മഞ്ചേശ്വരം സുരേന്ദ്രന്റെ വ്യാമോഹം മാത്രമാണെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍ സുരേന്ദ്രന്‍ ശക്തമായ തെളിവ് ശേഖരിക്കുന്നു. അതേസമയം സംസ്ഥാനത്ത് രണ്ടാമതൊരു ബിജെപി എംഎല്‍എയെ സൃഷ്ടിക്കുന്നതിനായി സര്‍വ പിന്തുണയും നല്‍കാന്‍ ബിജെപി കേന്ദ്ര നേതൃത്വവും രംഗത്ത്.
മഞ്ചേശ്വരത്തു 89 വോട്ടിനു പരാജയപ്പെട്ട കെ.സുരേന്ദ്രനെ എംഎല്‍എ ആക്കുന്നതിനായി ഹൈക്കോടതിയില്‍ നിലിവിലിരിക്കുന്ന കേസില്‍ കേന്ദ്ര ആഭ്യന്തര വിദേശമന്ത്രാലയങ്ങള്‍ എല്ലാ ശക്തിയും ഉപയോഗിച്ചു രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് ചെയ്ത അയ്യായിരത്തോളം പേരുടെ വിശദവിവരങ്ങള്‍ കേന്ദ്രആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങള്‍ ചേര്‍ന്നു ശേഖരിച്ചിട്ടുണ്ട്. ഇതില്‍ എത്രപേര്‍ വിദേശത്തു പോയിട്ടുണ്ട് എന്നത് അടക്കമുള്ള വിശദമായ വിവരങ്ങള്‍ അടക്കമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നത്.
ഈ കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി ബിജെപിയുടെ കേന്ദ്ര ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളെയും അഞ്ചു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. വിവര ശേഖരണം എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനും, ഇവ സമയക്രമം അനുസരിച്ചു കോടതിയില്‍ എത്തിക്കുന്നതിനുമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ എന്തു കളി കളിച്ചാലും സുരേന്ദ്രനെ വിജയിപ്പിക്കില്ലെന്ന വാശിയിലാണ് ലീഗ് നേതൃത്വം. കെ.സുരേന്ദ്രന്‍ എം.എല്‍എ ആകുമെന്ന വാദം പൂര്‍ണമായും തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നു യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ്. കെ സുരേന്ദ്രന്‍ എംഎല്‍എ ആകണമെന്ന് മോഹിക്കുന്നത് ഒരു തെറ്റൊന്നുമല്ല. പക്ഷേ കോടതി വഴി എംഎല്‍എ ആയിക്കളയാമെന്ന് കരുതുന്നത് അതിമോഹമല്ലേയെന്നും പികെ ഫിറോസ് ചോദിച്ചു. സുരേന്ദ്രന്‍ കൊടുത്ത പരാതിയില്‍ പറയുന്നത് വോട്ട് ചെയ്ത 197 പേര്‍ ആ സമയത്ത് വിദേശത്തായിരുന്നുവെന്നും അവരുടെ പേരില്‍ മറ്റാരോ കള്ളവോട്ട് ചെയ്തുവെന്നുമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഏതെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഫിറോസ് പറയുന്നു.
സുരേന്ദ്രന്‍ വീണ്ടും കോടതിയെ സമീപിച്ച് ഈ ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിനുള്ളില്‍ ലിസ്റ്റ് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി. നേപ്പാളില്‍ ഭൂകമ്പമുണ്ടായ വിവരം ആ രാജ്യത്തിന്റെ പ്രധാനമന്ത്രി അറിയുന്നതിനു മുന്‍പേ അറിയാന്‍ മാത്രം സാങ്കേതികവിദ്യ സ്വന്തമായുള്ള ഒരു പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോളും ആ ലിസ്റ്റ് സമയത്ത് സംഘടിപ്പിക്കാന്‍ കേന്ദ്രത്തിനായില്ലെന്നും ഫിറോസ് പറയുന്നു.
https://www.facebook.com/Malayalivartha























