കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ നാളെ രാജ്യത്തിന് സമര്‍പ്പിക്കും. ശനിയാഴ്ച കൊച്ചിയുടെ ആകാശക്കാഴ്ചകള്‍ക്കൊപ്പം മെട്രോ ഓടിത്തുടങ്ങുന്നു. വ്യവസായ നഗരിക്ക് പുതിയ മുഖവും ഗതാഗതത്തിന് പുതിയ സംസ്‌കാരവും മലയാളിക്ക് വ്യത്യസ്തമായ യാത്രാനുഭവവും സമ്മാനിക്കുന്ന കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ശനിയാഴ്ച രാവിലെ 10.35ന് നാവികസേന വിമാനത്താവളത്തില്‍നിന്ന് റോഡ് മാര്‍ഗം പാലാരിവട്ടത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് പത്തടിപ്പാലം സ്‌റ്റേഷന്‍ വരെയും തിരിച്ചും മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങ്. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, മുന്‍ മുഖ്യമന്ത്രിമാര്‍, എം.പിമാര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മെട്രോയെ വരവേല്‍ക്കാന്‍ നാടും ഒരുങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെ റോഡുകളുടെ ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളും വീടുകളും വ്യാഴാഴ്ച രാത്രി മുതല്‍ ദീപാലങ്കൃതമായി. മെട്രോക്ക് സ്വാഗതമോതി കമാനങ്ങളും തോരണങ്ങളും കൂറ്റന്‍ ബലൂണുകളും ഉയര്‍ന്നിട്ടുണ്ട്. മെട്രോ ഉദ്ഘാടനത്തിന്റെ സ്മരണക്ക് ശനിയാഴ്ച 11 മെട്രോ സ്‌റ്റേഷനുകളിലായി അഞ്ഞൂറോളം വൃക്ഷത്തെകള്‍ നടും.
https://www.facebook.com/Malayalivartha























